കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചു. 50-തിലധികം പേര്‍ക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് വന്‍ ദുരന്തമുണ്ടായത്. രണ്ട് ദിവസത്തെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത് ആഘോഷമാക്കുന്നതിനിടയില്‍ അവിചാരിതമായി മഴ പെയ്തതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം.
മഴ കനത്തതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവര്‍ അകത്തേക്ക് ഇരച്ചുകയറിയത് അപകടത്തിന് ആക്കം കൂട്ടി. സര്‍വകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേര്‍ മരിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിക്കേറ്റവരെല്ലാം വിദ്യാര്‍ത്ഥികളാണെ്. പൊതുജനങ്ങടക്കം നിരവധി പേര്‍ ബോളിവുഡ് ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള കേള്‍ക്കാന്‍ പുറത്തുനിന്നും എത്തിയിരുന്നു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.