ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസുമായി മറിയക്കുട്ടി; ഹര്‍ജി നല്‍കിയത് അടിമാലി കോടതിയില്‍

Share

ഇടുക്കി: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ ദേശാഭിമാനി ചീഫ് എഡിറ്റര്‍ ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെ ഇടുക്കി സ്വദേശിയായ മറിയക്കുട്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. അടിമാലിയിലെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മറിയക്കുട്ടി കേസ് നല്‍കിയത്. ദീര്‍ഘനാളായി പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ഈ മാസം എട്ടാം തീയതി 87 കാരിയായ മറിയക്കുട്ടി അടിമാലി ടൗണില്‍ ഭിക്ഷയെടുത്ത് സമരം ചെയ്തിരുന്നു. ഇത് വിവാദമാകുകയും മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാകുകയും ചെയ്തു. പൊതുസമൂഹം കൂടി വിഷയം ഏറ്റെടുത്തതോടെ സംഭവം ചൂടുള്ള രാഷ്ട്രീയ വിഷയമായി മാറുകയും കോണ്‍ഗ്രസും ബി.ജെ.പി-യും കിട്ടിയ അവസരം ഉപയോഗിക്കുകയും ചെയ്തു.

സുരേഷ്‌ഗോപിയും രമേശ് ചെന്നിത്തലയും വി.ഡി സതീശനും അടക്കമുള്ള വിവിധ കക്ഷി നേതാക്കള്‍ മറിയക്കുട്ടിയുടെ വീട്ടിലെത്തി സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷയമായതിനാല്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനി പ്രതിരോധവുമായി രംഗത്തുവന്നു. മറിയക്കുട്ടിയുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് പിന്നീട് പുലിവാലായത്. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമി ഉണ്ടെന്നും അനര്‍ഹമായാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത് എന്നതടക്കമുള്ള തലക്കെട്ടോടെയാണ് വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നാലെ മറിയക്കുട്ടിക്ക് 1.5 ഏക്കര്‍ സ്ഥലമുണ്ട്, രണ്ട് വാര്‍ക്കവീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്, മകള്‍ വിദേശത്താണ് എന്നതടക്കമുള്ള വാര്‍ത്തകള്‍ സി.പി.എം സൈബര്‍ ഇടങ്ങളിലും വ്യാപകമായി പ്രചരിച്ചു.

ഒടുവില്‍ മറിയക്കുട്ടി തന്നെ ഇറങ്ങി തനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം വാങ്ങി ആരോപണങ്ങള്‍ അസത്യമാണെന്ന് തെളിയിക്കുകയായിരുന്നു. ഇതോടെയാണ് ദേശാഭിമാനി പ്രചരിപ്പിച്ചത് കള്ള വാര്‍ത്തയാണെന്ന് മറിയക്കുട്ടി തെളിയിച്ചത്. ഇതിനെ തുടര്‍ന്ന് ദേശാഭിമാനി പരസ്യമായി ഖേദം പ്രകടിപ്പിക്കുന്നതായി വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ തനിക്കുണ്ടായ മാനഹാനി മാപ്പിലൂടെ തീരില്ലെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു 87 കാരിയായ മറിയക്കുട്ടിയുടെ മറുപടി. ഈ സാഹചര്യത്തിലാണ് മറിയക്കുട്ടി ഇന്ന് അടിമാലി കോടതിയില്‍ മാനനഷ്ടം ഫയല്‍ ചെയ്തത്. ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമത്തിലൂടെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദേശാഭിമാനി ചീഫ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍ എന്നിവരുള്‍പ്പെടെ 10 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.