മന്‍സൂര്‍ അലിഖാന്‍ വീണ്ടും പെട്ടു; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

Share

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കേസെടുത്തതിനെതിരെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. ജാമ്യാപേക്ഷ രേഖകളില്‍ മന്‍സൂറിനെതിരെ കേസെടുത്ത പൊലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങള്‍ തെറ്റായി നല്‍കിയത് കോടതിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് തമാശയ്ക്കുള്ള ഇടമല്ല കോടതിയെന്നും വെറുതെ സമയം കളയരുതെന്നും മന്‍സൂര്‍ അലിഖാന്റെ അഭിഭാഷകന് ജഡ്ജി താക്കീത് നല്‍കി. മുന്‍കൂര്‍ ജാമ്യപേക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ മന്‍സൂറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മന്‍സൂറിനെതിരെ പോലീസ് കേസെടുത്തത്. പരാമര്‍ശം വിവാദമായതോടെ നടനെതിരെ കേസെടുക്കാന്‍ ദേശീയ വനിത കമ്മീഷന്‍ തമിഴ്‌നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ചെന്നൈയില്‍ വാര്‍ത്താസമ്മേളനം നടത്തുകയും പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ വ്യക്തമാക്കി. സിനിമയില്‍ ചിത്രീകരിക്കുന്ന ബലാത്സംഗ രംഗങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും തൃഷയ്‌ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതല്‍ പ്രശസ്തനായെന്നുമായിരുന്നു മന്‍സൂറിന്റെ അവകാശവാദം. വിവിധ ഭാഷാ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടംപിടിച്ച നടനാണ് മൻസൂർ അലി ഖാൻ. മലയാളത്തിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ വിജയ് നായകനായ ‘ലിയോ’ ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു തൃഷയ്‌ക്കെതിരെയുള്ള മന്‍സൂര്‍ അലിഖാന്റെ വിവാദ പരാമര്‍ശം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’-യില്‍ തൃഷയായിരുന്നു നായിക. മന്‍സൂര്‍ അലി ഖാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നായികയായ തൃഷയുമൊത്താണ് താന്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് മനസിലാക്കിയപ്പോള്‍ ചിത്രത്തില്‍ ഒരു കിടപ്പറ രംഗം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് മന്‍സൂര്‍ തമാശ രൂപേണ പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ അതിരൂക്ഷമായാണ് നടി തൃഷ പ്രതികരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷും പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ചു. ഇതോടെ പരാമര്‍ശം വിവാദമാകുകയും ഒടുവില്‍ കേസിലേക്ക് കലാശിക്കുകയും ചെയ്തു. ചലച്ചിത്ര മേഖലയിലുള്ളവരും മന്‍സൂര്‍ അലി ഖാനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നു.