റിയാദ്: വാഹനങ്ങള്‍ക്ക് നല്‍കുന്ന പാര്‍ക്കിംഗ് ഫീസ് നമുക്കൊരു തലവേദനയാണ്. ഒന്നോ രണ്ടോ മിനിട്ട് പൊതുനിരത്തില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പണം ഈടാക്കുന്ന നിയമമാണ് പല രാജ്യങ്ങളിലുമുള്ളത്. സര്‍ക്കാരുകളുടെ സാമ്പത്തിക അടിത്തറയുടെ പ്രധാനപ്പെട്ട വരുമാന സ്രോതസ് കൂടിയാണ് പാര്‍ക്കിംഗ് ഫീസ്. എന്നാല്‍ പാര്‍ക്കിംഗ് ഫീസ് വിഷയത്തില്‍ വിപ്ലവകരമായൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് സൗദി ഭരണകൂടം. അതായത് സൗദി അറേബ്യയില്‍ പെയ്ഡ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ആദ്യത്തെ 20 മിനിറ്റ് സൗജന്യമാക്കിയിരിക്കുകയാണ്. വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച വ്യവസ്ഥകള്‍ക്ക് മന്ത്രി മാജിദ് അല്‍ഹുഖൈല്‍ അംഗീകാരം നല്‍കിയതായി മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു.
പെയ്ഡ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഫീസ് സ്വീകരിക്കാന്‍ പ്രത്യേക ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങള്‍ നിര്‍ബന്ധമാണെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിങുകള്‍ ലഭ്യമാക്കുന്നതിനും പെയ്ഡ് പാര്‍ക്കിങ് മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും അതിന് അനുയോജ്യമായ അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. അംഗപരിമിതരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അടയാളപ്പെടുത്തി നിശ്ചയിച്ച സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ വാഹനം നിര്‍ത്തിയിടരുതെന്നും നിയമം ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അംഗപരിമിതരുടെ സ്ഥലങ്ങളില്‍ അനധികൃത പാര്‍ക്കിങ് നടത്തിയാല്‍ 500 മുതല്‍ 900 സൗദി റിയാല്‍ വരെയാണ് പിഴ. നിശ്ചിത കാലാവധിക്കുള്ളില്‍ പിഴയടച്ചില്ലെങ്കിലും വാഹനങ്ങള്‍ പിടിച്ചെടുക്കും.