മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് ജി.സി.സി-യില്‍ വിലക്ക്?; യു.എ.ഇ-യിലും പ്രദര്‍ശനം മാറ്റിവച്ചു

Share

ദുബായ്: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ‘കാതല്‍-ദ് കോര്‍’ എന്ന മലയാള സിനിമയുടെ ഗള്‍ഫ് റിലീസ് അനിശ്ചിതത്വത്തില്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തര്‍ ഉള്‍പ്പെടെയുള്ള ചില ജി.സി.സി രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി. ഖത്തറിലും കുവൈത്തിലും ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതായാണ് ലഭിക്കുന്ന വിവരം. ഖത്തറില്‍ നിലവില്‍ ചിത്രത്തിന് വിലക്കുണ്ടെന്ന് വിതരണ കമ്പനിയായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ സിഇഒ അബ്ദുള്‍ സമദ് അറിയിച്ചു.

യു.എ.ഇ-യിലെ ‘വോക്സ്’ സിനിമാസില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു നേരത്തെ വിതരണക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ തീരുമാനം പിന്നീട് പിന്‍വലിച്ചതായും അവര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ചിത്രം യുഎഇ-യില്‍ പ്രദര്‍ശിപ്പിക്കാന്‍ വൈകുമെന്നാണ് സൂചന. ബഹ്റൈനും ഒമാനും ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലും  ‘കാതൽ ദി കോറിന്’ വിലക്ക് വരാൻ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയമാണ് കാരണമെന്നാണ് വിലക്കുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിശദീകരണം. എന്നാല്‍ വിലക്കിന് കാരണമായ പ്രമേയത്തിലെ ഉള്ളടക്കം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന്റെ റിലീസ് ഈ മാസം 23-നാണ് നിശ്ചയിച്ചിരുന്നത്. മമ്മൂട്ടിയും തെന്നിന്ത്യയിലെ പ്രിയ നടി ജ്യോതികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘കാതല്‍-ദ് കോര്‍’. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ‘കാതല്‍ ദി കോര്‍’-ല്‍ അഭിനയിച്ചുകൊണ്ടാണ് ജ്യോതിക മലയാള സിനിമയിലേക്കെത്തുന്നത്. 2009-ല്‍ പുറത്തിറങ്ങിയ ‘സീതാകല്യാണം’ സിനിമയാണ് ജ്യോതിക അവസാനമായി അഭിനയിച്ച മലയാള ചിത്രം.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് വിതരണത്തിന് എത്തിക്കുന്നത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ സിനമയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന ‘കാതല്‍ ദി കോര്‍’ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കും എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകന്‍. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.