Share

യാത്രക്കാര്‍ കുറഞ്ഞു; വിമാനത്തില്‍ കയറിയവരെ കബളിപ്പിച്ച് പുറത്തിറക്കി

ബംഗളൂരു: വിമാനത്തില്‍ മതിയായ യാത്രക്കാരില്ലാത്ത കാരണത്താല്‍ വിമാനത്തിനുള്ളില്‍ കയറിയ യാത്രക്കാരെ ഗ്രൗണ്ട് സ്റ്റാഫ് കബളിപ്പിച്ച് പുറത്തിറക്കിയതായി പരാതി. ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഞായറാഴ്ച രാത്രി 9.30-ഓടെ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വയോധികര്‍ ഉള്‍പ്പെടെ ചെന്നൈയിലേയ്ക്ക് പോകാനുള്ള ആറ് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റാമെന്ന് പറഞ്ഞ് പറ്റിച്ച് ജീവനക്കാര്‍ പുറത്തിറക്കുകയായിരുന്നു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ആറ് യാത്രക്കാരെ മാത്രം വച്ച് പറക്കാനുള്ള വിമുഖത കാരണമാണ് യാത്രക്കാരെ പുറത്തിറക്കിയതെന്നാണ് ലഭിക്കുന്ന വിവരം. അമൃത്സറില്‍ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്കായിരുന്നു വിമാനത്തിന്റെ റൂട്ട് നിശ്ചയിച്ചിരുന്നത്. പകരം വിമാനങ്ങളൊന്നും ലഭ്യമല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ തന്നെ കഴിയേണ്ടതായി വന്നു. തുടര്‍ന്ന് അടുത്ത ദിവസം രാവിലെയുള്ള വിമാനത്തിലാണ് ഇവര്‍ ചെന്നൈയിലേയ്ക്ക് പോയത്. പുറത്തിറക്കിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതര്‍ താമസത്തിനുള്ള സൗകര്യം ഒരുക്കിയില്ലെന്നും പരാതി ഉയര്‍ന്നു.

പുറം ലോകം അറിഞ്ഞതോടെ ഇന്‍ഡിഗോ വിമാനക്കമ്പനിയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുപേര്‍ക്ക് വിമാനത്താവളത്തിന് 13 കിലോമീറ്റര്‍ അപ്പുറത്തുള്ള ഹോച്ചലില്‍ താമസ സൗകര്യം ഒരുക്കിയതെന്നും മറ്റ് നാല് പേര്‍ വിമാനത്താവളത്തില്‍ തന്നെ കഴിയാമെന്ന് അറിയിച്ചുവെന്നും ഇന്‍ഡിഗോ അധികൃതര്‍ വിശദീകരിച്ചു. വിമാനത്തില്‍ കയറി ഇരുന്നതിന് പിന്നാലെ ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫ് ഫോണില്‍ വിളിച്ചതായും മറ്റൊരു വിമാനത്തിനുള്ള ബോര്‍ഡിംഗ് പാസുമായി കാത്തുനില്‍ക്കുകയാണെന്നും പെട്ടെന്നുതന്നെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പറഞ്ഞതായും യാത്രക്കാര്‍ പറയുന്നു. പുറത്തിറങ്ങിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നതെന്നും വയോധികര്‍ക്കു പോലും അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നും പരാതി ഉയര്‍ന്നു.