ദുബായ്: ദുബായ്-ഷാര്‍ജ റൂട്ടിലെ തിരക്കേറിയ ഹൈവേകളിലൊന്നാണ് അല്‍ ഇത്തിഹാദ് റോഡ്. 100 കിലോമീറ്ററാണ് ഈ റോഡില്‍ ഉണ്ടായിരുന്ന വേഗപരിധി. എന്നാല്‍ ദുബായ് ആര്‍ടിഎ-യുടെ പുതിയ നിയമപ്രകാരം 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി റോഡിന്റെ വേഗപരിധി കുറച്ചിരിക്കുകയാണ്. ഈ മാസം 20 അതായത് ഇന്നലെ മുതല്‍ പുതിയ തീരുമാനം പ്രബല്യത്തില്‍ വന്നതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും പോലീസും സംയുക്തമായി അറിയിച്ചു.
ഷാര്‍ജ-ദുബായ് അതിര്‍ത്തിക്കും അല്‍ ഗര്‍ഹൂദ് പാലത്തിനും ഇടയിലുള്ള അല്‍ ഇത്തിഹാദ് റോഡിന്റെ ഒരു ഭാഗത്താണ് കുറഞ്ഞ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. വേഗപരിധി ലംഘിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് 600 മുതൽ പരമാവധി 3000 ദിര്‍ഹം അതായത് 68,000-ത്തോളം ഇന്ത്യന്‍ രൂപ പിഴയായി ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. വേഗപരിധി കുറച്ച വിവരം അധികൃതര്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ടെങ്കിലും പലരും ഇതിനെകുറിച്ച് ബോധവാന്‍മാരല്ല. വേഗപരിധി 80 കിലോമീറ്ററായി കുറച്ചത് സംബന്ധിച്ച കൃത്യമായ സൂചനകള്‍ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകളിലൂടെയും അധികൃതര്‍ നല്‍കുന്നുണ്ട്. ഡ്രൈവര്‍മാരുടെ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി സ്പീഡ് കുറയ്‌ക്കേണ്ട റോഡുകളില്‍ ചുവന്ന ലൈനുകളും അടയാളപ്പെടുത്തിയിട്ടുണ്ട്.
ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍, റോഡിലും പ്രദേശത്തും സമീപകാലത്തുണ്ടായ വികസനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വേഗപരിധി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഈ റോഡിലെ ഗതാഗത സംവിധാനം സുഗമമാക്കുന്നതിന്റെ ഭാഗമായി ആര്‍.ടി.എ-യും ദുബായ് പൊലീസും സംയുക്തമായാണ് തീരുമാനമെടുത്തത്. ദുബായ് പോലീസ് ജനറല്‍ ആസ്ഥാനവുമായി ഏകോപിപ്പിച്ചാണ് തീരുമാനം നടപ്പിലാക്കുന്നത്.