തൃശ്ശൂര്‍: അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മുള്‍മുനയില്‍ നിര്‍ത്തി സ്‌കൂളില്‍ തോക്കുമായെത്തിയ യുവാവ് ക്ലാസ്‌റൂമില്‍ കയറി മൂന്നുതവണ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കേരളത്തിലെ ഏറ്റവും പഴക്കമേറിയ തൃശൂര്‍ നഗരത്തിലെ വിവേകോദയം സ്‌കൂളിലാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം നടന്നത്. ഇതേ സ്‌കൂളില്‍ തന്നെ പഠനം പൂര്‍ത്തിയാക്കിയ മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിയുതിര്‍ത്തത്. എയര്‍ഗണ്‍ ആണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇയാളെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ പാര്‍ക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കയറി ജഗന്‍ ഭീഷണി മുഴക്കുകയായിരുന്നു. കസേര വലിച്ചിട്ട് ഓഫീസ് മുറിയില്‍ ഇരുന്ന ഇയാള്‍ പിന്നീട് സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ക്ലാസ് റൂമിലെത്തി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചെന്നുമാണ് ദൃക്‌സാക്ഷികളായ അദ്ധ്യാപകര്‍ പറയുന്നത്. വെടിയുതിര്‍ത്തതിന് ശേഷം ക്ലാസില്‍ നിന്നും ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാരും സ്‌കൂള്‍ ജീവനക്കാരും പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികളുടെ പേര് പറഞ്ഞാണ് ജഗന്‍ എത്തിയതെന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. പ്രതി നിലവില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ അതിരുവിട്ട ലഹരി ഉപയോഗത്തിന് അടിമയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.