ഫാമിലി റെസിഡന്‍സ് കേന്ദ്രങ്ങളില്‍ ബാച്ചിലേഴ്‌സിന് വിലക്ക്; പരിശോധന കര്‍ശനമാക്കാന്‍ ഷാര്‍ജ

Share

ദുബായ്: ഷാര്‍ജയില്‍ കുടുംബമായി താമസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നതായി അറബിക് പത്രം അല്‍ ഖലീജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാര്‍ജ കിരീടാവകാശിയും ഷാര്‍ജ ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം. ഷാര്‍ജയില്‍ ചില പ്രത്യേക താമസ കേന്ദ്രങ്ങള്‍ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിലെ സമുച്ചയങ്ങളിലും വില്ലകളിലും പുരുഷന്‍മാര്‍ ഒറ്റതിരിഞ്ഞ് താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിരന്തര പരിശോധനകള്‍ നടത്തിവരുന്നുണ്ട്.

എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ബാച്ചിലേഴ്‌സിന് താമസിക്കാനായി ചില ഇടനിലക്കാര്‍ മൗനാനുവാദം നല്‍കാറുണ്ട്. എന്നാല്‍ ഇത്തരം പ്രവണത അനുവദിക്കാന്‍ കഴിയില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നുമാണ് ഷാര്‍ജ ഭരണകൂടം വ്യക്തമാക്കുന്നത്. പരിശോധനയുടെ ഫലമായി ആയിരക്കണക്കിന് ബാച്ചിലര്‍മാരെ ഈ അടുത്ത സമയങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നും മുന്നറിയിപ്പില്ലാതെ തന്നെ ഒഴിപ്പിക്കുകയും ചെയ്തു. ഈ നിയമം കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. ഷാര്‍ജ കിരീടാവകാശിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിവാര യോഗത്തില്‍ എമിറേറ്റിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫോളോ-അപ്പ്, കൂടുതൽ ഹരിത പ്രദേശങ്ങളുടെ  ആവശ്യകത, വിനോദസഞ്ചാര മേഖലയുടെ മുന്നേറ്റം അടക്കമുള്ള പുതിയ സേവനങ്ങൾ, വികസനം ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങൾ അധികൃതര്‍ ചര്‍ച്ച ചെയ്തു.