ആഡംബരത്തിന്റെ മറുവാക്കായി നവകേരള ബസ്; ഇതൊക്കെയാണ് പ്രത്യേകതകള്‍

Share

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖഛായ മിനുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് ആരംഭിക്കുന്ന നവകേരള സദസ് ഇതിനോടകം തന്നെ ചര്‍ച്ചയും ഒപ്പം വിവാദവും ആയിക്കഴിഞ്ഞു. സംസ്ഥാനം സാമ്പത്തികമായി വരിഞ്ഞു മുറുകി നില്‍ക്കുന്ന ഈ ദുരിതഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് വന്‍ ധൂര്‍ത്തെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ നയങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തിക്കാനും അവരുമായി സംവദിക്കാനും കഴിയുന്ന നല്ലൊരു ആശയമാണ് നവകേരള സദസ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. എന്തായാലും ഈ തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് ധൂര്‍ത്തിന്റെ മറ്റൊരു അടയാളമായി നവകേരള യാത്രക്കായി ഉപയോഗിക്കുന്ന ബസ് ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്.

കേരളം കാണാനുള്ള ഒരു മാസത്തെ യാത്രയ്്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബര ബസിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളിലും മുഖ്യധാര മാധ്യമങ്ങളിലും നിറയുകയാണ്. എന്തായാലും ഇതൊരു മാന്ത്രിക ബസാണെന്നാണ് പ്രത്യേകതകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ഇതിന്റെ വില കേട്ടാലും സൗകര്യങ്ങള്‍ കണ്ടാലും സാധാരണക്കാരായ നമ്മള്‍ ഒന്ന് ഞെട്ടും. കാപ്പിയും കറുപ്പും കലര്‍ന്ന നിറത്തില്‍ ഗോള്‍ഡന്‍ വരകളോടു കൂടിയ ഡിസൈനില്‍ നിര്‍മ്മിച്ചിരിക്കുന്ന ബസിന് ഒരു കോടി 5 ലക്ഷത്തിലധികമാണ് വില. റോള്‍സ് റോയിസ് കാറുകള്‍ നിര്‍മ്മിക്കുന്നതുപോലെ നമുക്ക് വേണ്ട ആധുനിക സൗകര്യങ്ങളെല്ലാം പ്രത്യേകം പറഞ്ഞ് ചെയ്യിച്ചാണ് ഈ ബസ് നിര്‍മ്മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

യാത്രയിലെ താരമായ മുഖ്യമന്ത്രിക്ക് ഉറങ്ങാന്‍ കൂടി സൗകര്യമുള്ള ഒരു പ്രത്യേക ക്യാബിനാണ് ആദ്യം വിഭാവനം ചെയ്തിരുന്നതെങ്കിലും എന്തോ അത് പിന്നീട് വേണ്ടാന്ന് തീരുമാനിക്കുകയായിരുന്നു. അതിനുപകരം രജനികാന്ത് സിനിമയിലൊക്കെ കാണുന്നതുപോലെ 180 ഡിഗ്രിയില്‍ കറങ്ങുന്ന കസേര ഒരെണ്ണം മുഖ്യമന്ത്രിക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഈ കസേരയാകട്ടെ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. ഓര്‍ഡര്‍ ചെയ്ത് ഒന്നരമാസങ്ങള്‍ക്ക് ശേഷമാണ് ഈ കസേര ബസ് നിര്‍മാതാക്കളുടെ കൈയില്‍ എത്തിയതെന്നും ചില മാധ്യമങ്ങള്‍ പറയുന്നു. എല്ലാ മന്ത്രിമാര്‍ക്കും ഇരിക്കാന്‍ പ്രത്യേക സീറ്റുകള്‍ ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവറുടെ അടുത്ത് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പ്രത്യേക സ്ഥലം അങ്ങനെ പോകുകയാണ് ബസിന്റെ പ്രത്യേകതകള്‍.

അടുത്ത ഹൈലൈറ്റ് ബസിലെ ലിഫ്റ്റാണ്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ ഒരു ലിഫ്റ്റ് വച്ചതിന്റെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.. അതിനിടയിലാണ് നവകേരള ബസിലെ ഈ ലിഫ്റ്റും ചര്‍ച്ചാ വിഷയമാകുന്നത്. ഇതില്‍ മന്ത്രിമാര്‍ ബസിന്റെ പടികള്‍ കയറേണ്ട ആവശ്യമില്ല. വാതിലില്‍ എത്തിയാല്‍ തന്നെ ഓട്ടോമാറ്റിക് ലിഫ്റ്റ് മന്ത്രിമാരെ ബസിനുള്ളിലെത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആളെ കയറ്റിയ ശേഷം ഇതുവീണ്ടും മടങ്ങി ബസിനുള്ളിലേക്ക് മാറും. അങ്ങനെ ആഡംബരത്തിന്റെ മറുവാക്കായി മാറുകയാണ് നവകേരള ബസ്. ബസിന് പുറത്ത് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. ബസ് വാങ്ങുന്നതിനുള്ള ഒരു കോടി അഞ്ചു ലക്ഷം രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. യാത്രയ്ക്ക് ശേഷം ബസ് കെ.എസ്.ആര്‍.ടി.സിക്ക് കൈമാറാനാണ് സര്‍ക്കാരിന്റെ ആലോചന. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഒന്നാകെ ഒരു വാഹനത്തില്‍ ജനമദ്ധ്യത്തിലിറങ്ങുകയും, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാതോര്‍ക്കുകയും ചെയ്യുന്നതാണ് നവകേരള സദസ്. ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരമൊരു ജനസമ്പര്‍ക്ക പരിപാടി രാജ്യത്ത് ആദ്യമായാണ് സംഘടിപ്പിക്കുന്നത്.