കോട്ടയം: 25 കോടി മുടക്കി ഒരു സംരംഭത്തിന് തുടക്കം കുറിച്ചെങ്കിലും അകാരണമായി കെട്ടിട നമ്പര്‍ നിഷേധിച്ച കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പൊതുനിരത്തില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെിരെ കേസെടുത്ത് പോലീസ്. വര്‍ഷങ്ങളായി യു.കെ-യില്‍ താമസക്കാരനായ ഷാജി ജോര്‍ജിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസമുണ്ടാക്കി, പൊതുജനങ്ങള്‍ക്ക് ശല്യമായിമാറി, പഞ്ചായത്ത് കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി തുടങ്ങിയ കുറ്റങ്ങള്‍ ചൂമത്തിയാണ് കടുത്തുരുത്തി പൊലീസ് ഷാജി ജോര്‍ജിനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് പിന്നാലെ യു.കെ-യിലേക്ക് മടങ്ങിയതിന് ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ ഇത് നിയമാനുസൃതമുള്ള സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നാണ് കടുത്തുരുത്തി പൊലീസിന്റെ വിശദീകരണം.
ഈ മാസം 7-നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും എഫ്.ഐ.ആറിന്റെ കാര്യം പൊലീസ് ബോധപൂര്‍വം തന്നില്‍ നിന്ന് മറച്ചുവച്ചുവെന്നും ഷാജിമോന്‍ പ്രതികരിച്ചു. യു.കെ-യിലേക്ക് മടങ്ങിയതിന് പിന്നാലെ നവംബര്‍ 17-ന് രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ ഹാജരാകണം എന്ന് പൊലീസ് അറിയിച്ചതിന്റെ വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചുവെന്നും ഷാജി പറയുന്നു. ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം 10 മണി കഴിഞ്ഞതിന് ശേഷമാണ് ഈ അറിയിപ്പ് വാട്‌സാപ്പിലൂടെ തനിക്ക് ലഭിച്ചതെന്നും ഷാജി ചൂണ്ടിക്കാട്ടി. എന്തായാലും അഭിഭാഷകരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും വ്യവസായ മന്ത്രിയുടെ ഓഫിസിനെയും വിവരം അറിയിച്ചിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രവാസി സംരംഭകനായ ഷാജി മോന്‍ ജോര്‍ജ് പ്രതിഷേധിച്ചത് ഈ മാസം ഏഴാം തീയതിയാണ്. 25 കോടി ചെലവിട്ട് സംരംഭം ആരംഭിച്ചിട്ടും ചുവപ്പുനാടയില്‍ കുരുക്കിയിട്ട പഞ്ചായത്ത് നടപടിക്കെതിരെ നടത്തിയ ഷാജിയുടെ ഒറ്റയാള്‍ പ്രതിഷേധം കേരളത്തിലും പ്രവാസലോകത്തും സജീവ ചര്‍ച്ചയായി മാറുകയും ചെയ്തു. മന്ത്രിമാരടക്കം നേരിട്ട് ഇടപെട്ടാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഷാജിയുയര്‍ത്തിയ പ്രതിഷേധത്തിന് പരിഹാരം കണ്ടത്. എന്നാല്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചതിന് ശേഷവും പോലീസ് എടുത്തിരിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ഷാജി ജോര്‍ജ് പ്രതികരിച്ചു.