കൊച്ചി: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമനാണ് വിധി പറഞ്ഞത്. വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ പ്രതിക്ക് മേല്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ പ്രോസിക്യൂഷന്‍ നിലപാട് കേസിന് നിര്‍ണായകമായി. ശിശുദിനത്തിലാണ് കേസില്‍ വിധി പറയുന്നതെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല രാജ്യത്ത് പോക്സോ നിയമങ്ങള്‍ നിലവില്‍ വന്ന ദിവസമാണ് ശിക്ഷ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.
കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. അതേസമയം പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം പ്രകാരമുള്ള 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ശിക്ഷ വിധിച്ചുവെങ്കിലും കേരള ഹൈക്കോടതിയുടെ അന്തിമ തീരുമാനത്തിന് ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുക. ഇതിനിടയിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ പ്രതിക്ക് നിയമപ്രകാരം അവകാശമുണ്ട്. എന്നാൽ സുപ്രീം കോടതിയും വധശിക്ഷ തള്ളിയാൽ തുടർന്ന് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാനും നിയമമുണ്ട്. ദയാഹർജിയും തള്ളിയാൽ മാത്രമേ വധശിക്ഷ നടപ്പിലാക്കാൻ കഴിയൂ.
2023 ജൂലായ് 28-നായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം നടന്നത്. 30 ദിവസത്തിനുള്ളില്‍ തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. കഴിഞ്ഞ മാസം അതായത് ഒക്ടോബര്‍ നാലിനാണ് വിചാരണ തുടങ്ങിയത്. അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. പരമാവധി ലഭിക്കാവുന്ന ശിക്ഷയായ വധശിക്ഷയാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നത്.
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു പ്രതി ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന മേൽവസ്ത്രം ഊരിയെടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി കുഞ്ഞിനെ ചാക്കില്‍കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടുകയും ചെയ്തു. പ്രതി നാടുവിടുന്നതിന് മുമ്പ് തന്നെ പിടികൂടാന്‍ കഴിഞ്ഞതും കേസന്വേഷണത്തിന് അനുകൂലമായി. സിസിടിവി ദൃശ്യങ്ങള്‍ മറ്റ് ശാസ്ത്രീയ തെളിവുകള്‍ എന്നിവ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ബലാത്സംഗക്കേസില്‍ അസ്ഫാക്ക് മുമ്പും ജയിലില്‍ കിടന്നിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചുണ്ട്.