ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം തകര്‍ന്നുവീണ് 40-ഓളം തൊഴിലാളികള്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ആറംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തുരങ്കമുഖത്ത് നിന്നും 100 മീറ്ററോളം ഉളളിലായിട്ടാണ് 40-ഓളം തൊഴിലാളികള്‍ കഴിഞ്ഞ രണ്ട് ദിവസമായി കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇനിയും രണ്ട് ദിവസത്തോളം സമയം വേണ്ടിവരുമെന്നുമാണ് അധികൃതര്‍ പറയുന്നത്. തുടര്‍ച്ചയായി മണ്ണിടിഞ്ഞ് വീഴുന്നതാണ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നത്.
അതേസമയം കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതരെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് വേണ്ടി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് താല്‍ക്കാലിക പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണവും വെളളവും ഉറപ്പു വരുത്തിയതായും തൊഴിലാളികളുമായി ആശയവിനിമയം നടത്തി വരുന്നതായും അധികൃതര്‍ അറിയിച്ചു. സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പുതിയ നീക്കം ആരംഭിച്ചു കഴിഞ്ഞു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസുമടങ്ങുന്ന 200 പേരിലധികമുളള ദൗത്യസംഘമാണ് രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇവരുമായി വാക്കിടോക്കി വഴി ബന്ധപ്പെടുന്നുണ്ടെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.
ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, ബീഹാര്‍ സ്വദേശികളാണ് കുടുങ്ങിയവരിലേറെയും. ഉത്തരകാശി ജില്ലയില്‍ ചാര്‍ധാം ഓള്‍വെതര്‍ ഹൈവേ പദ്ധതിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരുഭാഗം ഞായറാഴ്ച പുലര്‍ച്ചെയാണ് തകര്‍ന്നുവീണത്. യമുനോത്രി ധാമില്‍ നിന്ന് ഉത്തരകാശിയിലേക്ക് നിര്‍മ്മിക്കുന്ന ഛാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ടണലാണ് ഇടിഞ്ഞത്. ഉത്തരകാശിയിലെ ദണ്ഡല്‍ഗാവിനേയും സില്‍ക്യാരയേയും ബന്ധിപ്പിക്കുന്നതാണ് നിർമാണത്തിലിരിക്കുന്ന ടണല്‍.