ഡോളര്‍ കടത്തില്‍ പ്രതികള്‍ക്ക് പിഴയിട്ട് കസ്റ്റംസ്; സ്വപ്നയ്ക്കും ശിവശങ്കറിനും 65 ലക്ഷം പിഴ

Share

കൊച്ചി: ഏറെ വിവാദമായ ഡോളര്‍ കടത്ത് കേസിലെ മുഖ്യ പ്രതികള്‍ക്ക് വന്‍ പിഴ ചുമത്തി കസ്റ്റംസ്. സ്വപ്നയ്ക്കും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനും 65 ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയരിക്കുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. ഒപ്പം യൂണിടാക്ക് എം. ഡി സന്തോഷ് ഈപ്പന് ഒരു കോടിയും യു.എ.ഇ കോണ്‍സുലേറ്റിന്റെ മുന്‍ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് 1 കോടി 30 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നതെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്ര കുമാറിന്റെ ഉത്തരവില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ഡോളര്‍ കടത്തില്‍ സന്ദീപ്, സരിത്ത്, സ്വപ്ന, എം. ശിവശങ്കര്‍ എന്നിവര്‍ക്കാണ് 65 ലക്ഷം രൂപ പിഴ ചുമത്തിയത്. തിരുവനന്തപുരം വിമാനത്താവളം വഴി വന്‍തോതില്‍ വിദേശ കറന്‍സി നിയമവിരുദ്ധമായി കടത്തിയെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിയതിലും അന്വേഷണം പൂര്‍ത്തിയാക്കുന്നതിന്റെ തുടര്‍ നടപടിയായിട്ടാണ് പിഴ ചുമത്തിയത്. അതേസമയം പ്രതികള്‍ക്ക് മൂന്നു മാസത്തേയ്ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവിനുള്ളില്‍ പിഴ തുക അടച്ചില്ലെങ്കില്‍ തുടര്‍ നടപടിയുടെ ഭാഗമായി കസ്റ്റംസ് സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേയ്ക്ക് നീങ്ങും.