തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സമ്മാനിച്ച ഷോക്ക് തീരുന്നതിന് മുമ്പ് കേരളപ്പിറവിയുടെ സമ്മാനമായി വൈദ്യുതി നിരക്ക് കൂട്ടി വീണ്ടും ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. എന്നാല്‍ പ്രതിമാസം 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ദ്ധനയുണ്ടാകും. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, ഐ.ടി, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ലെന്നും നിരക്ക് വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായും സര്‍ക്കാര്‍ വൃത്തങ്ങല്‍ അറിയിച്ചു. 25 മുതല്‍ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുന്നില്‍ വച്ച ആവശ്യം. ഇപ്പോള്‍ പരമാവധി 20 ശതമാനമാണ് കൂട്ടിയിരിക്കുന്നത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത്.
അതേസമയം വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. നികുതിക്കൊള്ളയും സര്‍ചാര്‍ജും വിലക്കയറ്റവും അടിച്ചേല്‍പ്പിച്ചതിന് പിന്നാലെ വൈദ്യുതി നിരക്കും വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ജനങ്ങളുടെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിനുണ്ടാക്കിയ നഷ്ടം വൈദ്യുതി നിരക്ക് വര്‍ദ്ധയിലൂടെ ജനങ്ങളില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പെടെയുള്ള ധൂര്‍ത്ത് നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.