ഇന്ന് യു.എ.ഇ പതാക ദിനം; ദേശമാകെ നിറഞ്ഞ് ചതുര്‍വര്‍ണക്കൊടി

Share

NEWS DESK: അഞ്ച് പതിറ്റാണ്ടിന്റെ ഉള്‍ക്കരുത്തില്‍ അറബ് ലോകത്തിലെ ഏറ്റവും ശക്തവും ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവുമായ രാജ്യമെന്ന ഖ്യാതിയിലേക്കുയര്‍ന്ന യുഎഇ ഇന്ന് പത്താമത് പതാകദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും അടയാളമായാണ് ദേശീയ പതാക ദിനം ആചരിക്കുന്നത്. ഏഴ് എമിറേറ്റുകളുടെ കൂടിച്ചേരലോടെ ഐക്യ അറബ് എമിറേറ്റ്‌സ് അഥവ യു.എ.ഇ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന രാജ്യത്തിന്റെ ഏകീകരണ വിളംബരമായി 1971 ഡിസംബര്‍ രണ്ടിനാണ് ആദ്യമായി രാഷ്ട്രശില്‍പിയും അന്നത്തെ ഭരണാധികാരിയുമായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ആയിരക്കണക്കിന് സ്വദേശികളെയും വിദേശികളെയും സാക്ഷിയാക്കി ദേശീയ പതാകയെ അനന്തതയുടെ നീലാകാശം മുട്ടെ ഉയര്‍ത്തിത്.

പതിറ്റാണ്ടുകള്‍ കടന്ന് 2013-ലാണ് അന്നത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് റാശിദ് ബിൻ സായീദ് അല്‍ മക്തൂം ആദ്യമായി ദേശീയ പതാക ദിനാചരണം എന്ന ആശയം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അതിനു ശേഷമാണ് എല്ലാ വര്‍ഷവും നവംബര്‍ മൂന്ന് യുഎഇ ദേശീയ പതാക ദിനമായി ആചരിക്കുന്നത്. യുഎഇ പൗരനും പില്‍ക്കാലത്ത് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയുമായി മാറിയ അബ്ദുല്ല മുഹമ്മദ് അല്‍ മഈനയാണ് ചെമപ്പും പച്ചയും വെള്ളയും കറുപ്പും കലര്‍ന്ന യു.എ.ഇ-യുടെ ചതുര്‍വര്‍ണ പതാക രൂപകല്‍പന ചെയ്തത്.

ഈ നാല് നിറങ്ങളും രാജ്യത്തിന്റെ വൈവിധ്യങ്ങളെയും ഐക്യത്തെയുമാണ് അടയാളപ്പെടുത്തുന്നത്. ചുവപ്പു നിറം ധീരതയെയും നിശ്ചയ ദാര്‍ഢ്യത്തെയും അടയാളമാക്കുമ്പോള്‍ പ്രകൃതിയുടെ തനത് നിറമായ പച്ച പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും രാജ്യവളര്‍ച്ചയുടെയും പ്രതീകമാണ്. ലോകത്തെവിടെയും എന്ന പോലെ വെള്ള നിറം സമാധാനം സത്യസന്ധത എന്നതിനൊപ്പം രാജ്യത്തിന്റെ ശുചിത്വ സംസ്‌ക്കാരത്തിന്റെ അടയാളമാകുമ്പോള്‍ പതാകയിലെ കറുപ്പു നിറം അതിരുറ്റ സമ്പത്തിന്റെ ഉറവിടമായ എണ്ണയുടെ പ്രതീകമെന്ന് വിശേഷിപ്പിക്കുമെങ്കിലും അത് ശത്രുവിന്റെ പരാജയ പ്രഖ്യാപനവും രാജ്യത്തിന്റെ ഉള്‍ക്കരുത്തിന്റെ പ്രതീകവുമാണ്.

ദേശീയ ചിഹ്നം എന്ന നിലയില്‍ അര്‍ഹിക്കുന്ന ആദരവോടെ വേണം പതാകയെ പരിഗണിക്കേണ്ടത്. പതാകയെ ബോധപൂര്‍വം അപമാനിക്കുകയോ ദുരുപയോഗത്തിനോ വിധേയമാക്കിയാല്‍ 25 വര്‍ഷം വരെ തടവും 500000 ദിര്‍ഹം വരെ പിഴയുമായിക്കും ശിക്ഷ. അത്രത്തോളം വൈകാരികമാണ് യു.എ.ഇ-യിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇന്ന് ഈ ചതുര്‍വര്‍ണക്കൊടി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ യുഎഇ-യിലെ സ്വദേശികളും വിദേശികളും ഇന്ന് സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, വീടുകള്‍, സ്‌ക്വയറുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പതാക ഉയര്‍ത്തി. രാജ്യമെങ്ങും പതാക ദിനം സമുചിതമായി ആചരിക്കുമ്പോള്‍ ദേശമാകെയും പിന്നെ നമ്മുടെ ഹൃദയങ്ങളിലും ഈ പതാക ആത്മാഭിമാനത്തോടെ പാറിപ്പറന്നു നില്‍ക്കും..കെട്ടടങ്ങാത്ത തീജ്വാലപോലെ…..