NRI DESK: ഇന്ന് 2023 നവംബര്‍ ഒന്ന്, കേരളം എന്ന മലയാള ദേശത്തിന്റെ അറുപത്തിയേഴാം പിറവി ദിനം. വ്യവഹാര ഭാഷയായി മലയാളം സംസാരിക്കുന്ന പ്രദേശങ്ങള്‍ ഒരു സംസ്ഥാനമായി ഏകീകരിച്ച തീയതി അടയാളപ്പെടുത്തുന്നതിനാണ് ഈ ദിനം നമ്മള്‍ കേരളപ്പിറവി ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി തെക്ക് കിഴക്ക് തമിഴ്നാടും വടക്ക് കര്‍ണാടകത്തോടും അതിര്‍ത്തി പങ്കിടുന്ന മൂന്നര കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശമാണ് കേരളം. കേരളം രൂപീകൃതമാകുന്നതിന് മുമ്പ് നാട്ട് രാജ്യങ്ങളായ മലബാറും കൊച്ചിയും തിരുവിതാംകൂറും വെവ്വേറെ നിന്നിരുന്ന പ്രദേശങ്ങളായിരുന്നു. പിന്നെ 1956 നവംബര്‍ 1-ന്, തിരുവിതാംകൂര്‍-കൊച്ചി മലബാറും സൗത്ത് കാനറയിലെ കാസര്‍കോട് താലൂക്കും സംയോജിപ്പിച്ച് സംസ്ഥാന പുനഃസംഘടന നിയമപ്രകാരം മലയാളം സംസാരിക്കുന്ന മൂന്ന് പ്രദേശങ്ങള്‍ കൂടിച്ചേര്‍ന്ന് ഇന്നത്തെ കേരളം ജന്‍മം കൊണ്ടു. കാലക്രമേണ കാസര്‍ഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ അന്നത്തെ തിരുവിതാംകൂര്‍ ദേശത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങള്‍ തമിഴ്‌നാടിന് സ്വന്തമായെന്നതും ചരിത്ര യാഥാർത്ഥ്യമാണ്.
കേരവൃക്ഷങ്ങള്‍ നിറഞ്ഞ നാടായതിനാല്‍ കേരളം എന്നും, ‘ചേര്‍’ അഥവാ ‘ചേര്‍ന്ത’ എന്നതിന് ‘ചേര്‍ന്ന’ എന്ന അര്‍ത്ഥത്തില്‍ കടല്‍ മാറി കരകള്‍ കൂടിച്ചേര്‍ന്ന എന്ന വ്യാഖ്യാനത്തിലാണ് ഈ പേരു വന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ചേര രാജാക്കന്മാരുടെ നാടായതിനാല്‍ ‘ചേരളം’ പിന്നെ കേരളമായെന്നും വീര കേരളന്റെ നാടായതിനാല്‍ കേരളം എന്ന പേരുവന്നു എന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. അങ്ങനെ നിരവധി വാദമുഖങ്ങള്‍ ഉണ്ടെങ്കിലും കേരവൃക്ഷങ്ങളാല്‍ സമൃദ്ധമായ നമ്മുടെ നാടിനെ അക്കാരണം കൊണ്ടുതന്നെ കേരളം എന്ന് വിളിക്കാനാണ് നാം കേരളീയര്‍ക്കിഷ്ടം.
1956-ല്‍ കേരളം രൂപീകൃതമായതിന് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഎംസ് നമ്പൂതിരുപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതും പിന്നെ അനവധി സര്‍ക്കാരുകള്‍ ഈ ദേശത്തെ മാറിമാറി ഭരിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ആ ശൈശവ ദശയിൽ നിന്ന് കാലഘട്ടങ്ങളിലൂടെ കേരളം പടിപടിയായി വളര്‍ന്നു.. രാഷ്ട്രീയമായി.. സാംസ്‌കാരികമായി.. ആരോഗ്യ-ശാസ്ത്ര-വിദ്യാഭ്യാസ-കായിക മേഖലയിലെല്ലാം എക്കാലവും കേരളത്തെ നമ്പര്‍ 1 എന്ന അക്കത്തില്‍ തന്നെ നാം തളച്ചിട്ടു. ജനാധിപത്യ സംരക്ഷണത്തിനും സാംസ്‌കാരിക മഹിമയ്ക്കും സര്‍വമത സമത്വത്തിന്റെ ഈറ്റില്ലമായും കേരളം ലോകത്തിന് തന്നെ മാതൃകയായി തീര്‍ന്നു.
വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് നമ്മുടെ കേരളം. തെക്കേയറ്റത്തെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം മുതല്‍ വാണിജ്യ തലസ്ഥാനമായ കൊച്ചിയും പിന്നിട്ട് വടക്കെ മുനമ്പിലെ കാസര്‍ഗോഡ് വരെയുള്ള 14 ജില്ലകളിലായി എത്രയോ നദികളും പുഴകളും മലയോരങ്ങളും നഗര ഹൃദയങ്ങളും തീരദേശവും കൊണ്ട് വിശാലമായ ഭൂപ്രകൃതിയാല്‍ ആകർഷകമാണ് നമ്മുടെ കേരളം. ആ പിന്‍ബലത്തിലാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന വിളിപ്പേര് കേരളത്തിന് അലങ്കാരമായി കിട്ടിയത്. കളരിപ്പയറ്റും കഥകളിയും മോഹിനിയാട്ടവും കേരള നടനവും പടയണിയും തെയ്യവും മാപ്പിള ഗാനങ്ങളും ആയുര്‍വേദവും മാത്രമല്ല കേരളത്തിന്റെ അടയാളപ്പെടുത്തല്‍, വിഷരഹിത കാര്‍ഷിക സംസ്‌കാരവും സുഗന്ധ വ്യഞ്ജനങ്ങളും ശുദ്ധജലവും ശുദ്ധവായുവും വേണ്ടുവോളം ലഭിക്കുന്ന ഒരിടം കൂടിയാണ് നമ്മുടെ നാട്.
കവി പാടിയത് പോലെ ഭാരതമെന്ന പേര് കേട്ടാലഭിമാനപൂരിതമാകണം അന്തരംഗം..കേരളമെന്ന പേര് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.. അതെ പ്രാദേശിക വാദങ്ങളില്ലാതെ തന്നെ മാതൃഭാഷയും മാതൃദേശവും നമ്മളില്‍ അഭിമാനം കൊണ്ട് നിറയ്ക്കണം.. ഈ സുദിനത്തില്‍ നാടിനെ കുറിച്ചുള്ള സുഖമുള്ള ഓര്‍മകളും നിറമുള്ള സ്വപ്നങ്ങളും പങ്കുവയ്ക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ‘ഗൾഫ് ഐ 4 ന്യൂസിന്റെ’ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ…