ദുബായ്: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറുന്നു. യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ത്ഥം ‘സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്’ എന്നായിരിക്കും ഇനിമുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം അറിയപ്പെടുക. ഇതു സംബന്ധിച്ച് യു.എ.ഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുതിയ പേര് ഔദ്യോഗികായി നിര്‍ദ്ദേശിച്ചത്. അടുത്തിടെ പണി പൂര്‍ത്തിയാക്കിയ പുതിയ ടെര്‍മിനല്‍ എ-യുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന 2024 ഫെബ്രുവരി 9 മുതലായിരിക്കും പുതിയ പേര് പ്രാബല്യത്തില്‍ വരികയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
അതേസമയം ഔദ്യോഗിക ഉദ്ഘാടനം 2024 ഫെബ്രുവരി 9-നായിരിക്കുമെങ്കിലും ടെര്‍മിനല്‍ എ-യുടെ പ്രവര്‍ത്തനം നാളെ (2023 നവംബര്‍ 1) മുതല്‍ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആദ്യത്തെ രണ്ടാഴ്ച എ, 1, 2, 3 എന്നീ ടെര്‍മിനലുകള്‍ പരീക്ഷണാര്‍ത്ഥം ഒരേസമയം പ്രവര്‍ത്തിക്കുകയും നവംബര്‍ 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എ-യില്‍ നിന്ന് മാത്രമായി സര്‍വീസ് നടത്തുകയും ചെയ്യും. ഇതിനിടെ ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന ടെര്‍മിനല്‍ എ-യില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് സന്ദര്‍ശനം നടത്തി. 7,42,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ ടെര്‍മിനലിന് ഒരു വര്‍ഷം 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായാല്‍ 28-ഓളം വിമാനക്കമ്പനികള്‍ക്ക് ലോകമെമ്പാടുമുള്ള 117 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയും.