തിരുവനന്തപുരം: മകന്റെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് ‘വിമുക്തി’-യില്‍ പരിഹോരം തേടാന്‍ ശ്രമിച്ച വീട്ടമ്മയെ തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന എസ്. വിനോദ് കുമാര്‍ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പരാതിക്ക് അടിസ്ഥാനം. ഇതുസംബന്ധിച്ച് വീട്ടമ്മ നല്‍കിയ പരാതി പിന്നീട് ഉന്നത സ്വാധീനവും പണവും നല്‍കി ഒത്തുതീര്‍പ്പാക്കി എന്നാണ് സാമൂഹിക പ്രവര്‍ത്തകനായ സോബു സ്റ്റീഫന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന എസ്. വിനോദ് കുമാര്‍ തന്നെ ലൈംഗികമായി പലതവണ പീഡിപ്പിച്ചതായി വീട്ടമ്മ എക്‌സൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുന്നത് 15-02-2023-ലാണ്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളില്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്‌തെന്ന പരാതി വകുപ്പ് മേധാവിക്ക് ലഭിച്ചാല്‍ ആ പരാതികള്‍ പോലീസിന് കൈമാറണം എന്നതാണ് സര്‍വീസ് നിയമം. എന്നാല്‍ പരാതി പോലീസിന് കൈമാറാതെ വകുപ്പുതല അന്വേഷണം നടത്തി പ്രതിയെ വെള്ളപൂശി രക്ഷിക്കാനാണ് എക്‌സൈസ് ഉന്നതതല നീക്കം നടത്തിയത്. ഈ പരാതി നിലനില്‍ക്കെ തന്നെ ആരോപണം നേരിടുന്ന എക്‌സൈസ് ഉദ്യോഗസ്ഥന് 03.07.2003-ല്‍ ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആയി പ്രമോഷന്‍ നല്‍കിയതും ഈ ഉന്നത സ്വാധീനത്തിന്റെ ബലത്തിലാണ്.
IPC – 376 C വകുപ്പ് പ്രകാരമുള്ള ഗുരുതരമായ കുറ്റമാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തതെന്നിരിക്കെയാണ് വഴിവിട്ട് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കിയത്. വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തി 22-02-2023-ല്‍ റിപ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. അതില്‍ പ്രതി കുറ്റം ചെയ്തുവെന്നും വകുപ്പുതല അന്വേഷണം നടത്തി നടപടി എടുക്കണമെന്നും ആവശ്യപ്പട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. പ്രതിക്കെതിരെ മുമ്പും സമാനസ്വഭാവത്തിലുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും പോലീസിന് പരാതി നല്‍കാതിരുന്നത് പ്രതിയുടെ ഉന്നത സ്വാധീനം കൊണ്ടാണെന്നാണ് സാബു സ്റ്റീഫന്റെ പരാതിയില്‍ പറയുന്നത്. ഇതിനിടയില്‍ പരാതിക്കാരിയുമായി ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥന്‍ ഒത്തുതീര്‍പ്പിനായുള്ള ശ്രമങ്ങള്‍ നടത്തുകയും ഒടുവില്‍ 10 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി എന്നാണ് ലഭിക്കുന്ന വിവരം. അതിനുശേഷം 16.05.23-ല്‍ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരി എക്‌സൈസ് കമ്മീഷണര്‍ക്ക് കത്തു നല്‍കുകയും ചെയ്തു.
എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഇത്തരം വകുപ്പുകളില്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ മേലുള്ള പരാതികള്‍ പരാതിക്കാര്‍ക്ക് സ്വയമേവ പിന്‍വലിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. എക്‌സൈസ് വകുപ്പില്‍ ഒരു മിനിസ്റ്റീരിയല്‍ സംവിധാനമില്ലാത്തതാണ് ഉദ്യോഗസ്ഥരുടെ ഇത്തരം ഹീനപ്രവൃത്തികള്‍ക്ക് വളമാകുന്നതെന്ന ആക്ഷേപം പണ്ടേ ശക്തമാണ്. വിവരാകാശ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ രേഖകളും സ്വന്തം അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് സാമൂഹിക പ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ സാബു സ്റ്റീഫന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഇത്തരം ലൈംഗിക ചൂഷണത്തിനും പീഡത്തിനുമെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സാബു സ്റ്റീഫന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. പോലീസ് മേധാവിക്ക് ലഭിച്ച പരാതി നിലവില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറുകയും അന്വേഷണം പുരോഗമിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.