ദുബായ് മെട്രായില്‍ ഒരു അതിഥി കൂടി; വരുന്നു 30 കിലോമീറ്ററില്‍ പുതിയ ‘ബ്ലൂ ലൈന്‍’

Share

ദുബായ്: എമിറേറ്റിന്റെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഗതാഗത സംവിധാനമാണ് ദുബായ് മെട്രോ. ദുബായ് ആര്‍.ടി.എ-യുടെ കീഴിലുള്ള മെട്രോ സംവിധാനം സര്‍വീസിന്റെ കാര്യത്തില്‍ ലോകത്തെ തന്നെ പൊതുഗതാഗത മേഖലയില്‍ മുന്നിലാണ്. അതുകൊണ്ടുതന്നെ കാലാനുസൃതമായി നിരവധി മാറ്റങ്ങളാണ് ദുബായ് മെട്രോയില്‍ അധികൃതര്‍ കൊണ്ടു വരുന്നത്. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ദുബായ് മെട്രോയില്‍ പുതിയൊരു ലൈന്‍ കൂടി ചേര്‍ക്കുന്നതായി പ്രാദേശിക പത്രമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള റെഡ്, ഗ്രീന്‍ ലൈനുകള്‍ക്കു പുറമേ 30 കിലോമീറ്ററില്‍ പുതിയ ബ്ലൂ ലൈന്‍ കൂടി ലിങ്ക് ചെയ്യുമെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.പുതിയ ബ്ലൂ ലൈന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അടുത്തിടെ ടെന്‍ഡര്‍ നല്‍കിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍ദ്ദിഷ്ട മെട്രോ ബ്ലൂ ലൈനില്‍ 15.5 കിലോമീറ്റര്‍ ഭൂമിക്കടിയിലുടെയും 14.5 കിലോമീറ്റര്‍ ഉയരത്തിലുമായിരിക്കും സര്‍വീസ് നടത്തുക. ഒരു മാതൃക സ്റ്റേഷന്‍ ഉള്‍പ്പെടെ ആകെ 14 സ്റ്റേഷനുകള്‍ ആയിരിക്കും ബ്ലൂ ലൈനില്‍ ഉണ്ടാവുക. ഒരു ഇന്റര്‍ചേഞ്ച് സ്റ്റേഷന്‍ ഉള്‍പ്പെടെ അഞ്ച് സ്റ്റേഷനുകള്‍ ഭൂമിക്കടിയിലും ഒരു മാതൃക സ്റ്റേഷന്‍ ഉല്‍പ്പെടെ 7 സ്റ്റേഷനുകള്‍ മുകളിലുമായിരിക്കും സജ്ജമാക്കുക. റാഷിദിയയിലെ റെഡ് ലൈനിന്റെ കിഴക്കന്‍ ടെര്‍മിനസായ സെന്റര്‍ പോയിന്റ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് എലവേറ്റഡ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളും ഒപ്പം അല്‍ ജദ്ദാഫിലെ ഗ്രീന്‍ ലൈനിന്റെ തെക്കന്‍ ടെര്‍മിനസായ ക്രീക്ക് സ്റ്റേഷനേയും ബന്ധിപ്പിച്ചായിരിക്കും ബ്ലൂ ലൈന്‍ സര്‍വീസ് നടത്തുക. എന്നാല്‍ പുതിയ പദ്ധതിയുടെ റൂട്ട്, നിര്‍മാണ ചെലവ്, എപ്പോള്‍ നടപ്പിലാകും എന്നിവ സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.