തിരുവനന്തപുരം: നര്‍ത്തകിയും അവതാരകയും സിനിമ-സീരിയല്‍ നടിയുമായ രഞ്ജുഷ മേനോനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവുമൊത്ത് തിരുവനന്തപുരം ശ്രീകാര്യത്ത് താമസിച്ച് വരുകയായിരുന്ന 35 കാരിയായ രഞ്ജുഷയെ ഫ്‌ളാറ്റിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ വിവരം രാവിലെ 11 മണിയോടെയാണ് ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊച്ചി സ്വദേശിയായ രഞ്ജുഷ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭര്‍ത്താവുമായി ശ്രീകാര്യത്തെ ഫ്‌ലാറ്റില്‍ താമസിച്ചു വരികയായിരുന്നു. നിലവിൽ രഞ്ജുഷയ്ക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇന്ന് 35-ാം പിറന്നാൾ ആഘോഷിക്കുന്ന ദിവസമാണ് രഞ്ജുഷ വിട പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.
കലാരംഗത്ത് സജീവ സാന്നിദ്ധ്യമായ രഞ്ജുഷ മേനോന്‍ തലപ്പാവ്, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ബോംബെ മാര്‍ച്ച്, കാര്യസ്ഥന്‍, വണ്‍വേ ടിക്കറ്റ്, അത്ഭുതദ്വീപ, ക്ലാസ്‌മേറ്റ്‌സ, ലിസമ്മയുടെ വീട് തുടങ്ങി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിലെ ശ്രദ്ധേയമായ നിരവധി സീരിയലുകളില്‍ ജനപ്രിയ കഥാപാത്രങ്ങളെ രഞ്ജുഷ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീ, നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലവില്‍ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളിൽ പ്രധാന വേഷത്തില്‍ രഞ്ജുഷ അഭിനയിച്ച് വരുകയാണ്. ഇതിനോടകം ഇരുപതിലധികം സീരിയലുകളില്‍ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും രഞ്ജുഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ രഞ്ജുഷ ഭരതനാട്യത്തില്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ടെലിവിഷന്‍ അവതാരകയില്‍ നിന്നാണ് രഞ്ജുഷ സീരിയല്‍ അഭിനയ രംഗത്തേക്ക് വരുന്നത്.
അതേസമയം രഞ്ജുഷ മേനോന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമ-സീരിയൽ രംഗത്തെ സഹപ്രവർത്തകർ. വളരെ ബോൾഡായ പെൺകുട്ടിയെന്നാണ് രഞ്ജുഷയെ അടുത്തറിയാവുന്നവർ പറയുന്നത്. സാമ്പത്തികമായ പ്രശ്നങ്ങൾ ഒന്നും തന്നെ രഞ്ജുഷയെ അലട്ടിയിരുന്നില്ലെന്നും എന്തു പ്രശ്നം വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്ന് ഉപദേശിക്കുന്ന രഞ്ജുഷയുടെ മരണം ഞെട്ടലുണ്ടാക്കിയെന്നും അഭിനയ രംഗത്തെ അടുത്ത സുഹൃത്തുക്കൾ പറയുന്നു.
ഇന്ന് രാവിലെ ഭർത്താവ് മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ മൃതദേഹം താഴെയിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നായിരുന്നു പങ്കാളി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മൃതദേഹം കണ്ടെത്തിയ ഫ്ളാറ്റിൽ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി. മരണ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും ശ്രീകാര്യം പോലീസ് അറിയിച്ചു.