മൊബൈലുകളില്‍ വലിയ ശബ്ദത്തോടെ അലേര്‍ട്ടുകള്‍ എത്തും; ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

Share

ഡല്‍ഹി: ഇന്ത്യന്‍ സിം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ വലിയ ശബ്ദത്തോടെയോ വൈബ്രേറ്റര്‍ മോഡിലോ എമര്‍ജന്‍സി അലേര്‍ട്ടുകള്‍ എത്തുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം വകുപ്പ്. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര അറിയിപ്പുകള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനുള്ള സെല്‍ ബ്രോഡ്കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരം അലേര്‍ട്ടുകള്‍ വരുന്നതെന്നും അതിനാല്‍ ആശങ്കപ്പെടരുതെന്നും കേന്ദ്ര ടെലികോം വകുപ്പ് വ്യക്തമാക്കി.

നാളെ (2023 ഒക്ടോബര്‍ 31) രാവിലെ 11 മണിമുതല്‍ വൈകിട്ട് നാലുമണിവരെയായിരിക്കും ഫോണുകളില്‍ ഇത്തരത്തില്‍ ജാഗ്രത മുന്നറിയിപ്പ് എത്തുക. മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോഴും മറ്റും അലേര്‍ട്ട് ബോക്‌സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെല്‍ ബ്രോഡ്കാസ്റ്റ്. ഇതിനോടകം തന്നെ പലരുടെയും മൊബൈല്‍ ഫോണുകളില്‍ എമര്‍ജന്‍സി അലേര്‍ട്ട് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ എസ്എംഎസ് സന്ദേശം ലഭിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ അപകട മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. മൊബൈല്‍ ഫോണിന് പുറമേ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ സമാനമായ അലേര്‍ട്ട് നല്‍കാനും ശ്രമം നടക്കുന്നുണ്ട്. മുമ്പും ഇത്തരത്തില്‍ എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു.