ആരോഗ്യ രംഗത്ത് വന്‍ സുരക്ഷാ വീഴ്ച?; ഇന്ത്യയുടെ കോവിഡ് ഡാറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ട്

Share

ഡല്‍ഹി: ഇന്ത്യയുടെ കോവിഡ് ഡാറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ട്. കോവിഡ് സമയത്ത് ശേഖരിച്ച്  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സൂക്ഷിച്ചിരുന്ന  81.5 കോടി ഇന്ത്യക്കാരുടെ വിശദാംശങ്ങളാണ് ചോര്‍ന്നതെന്ന് ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഡാര്‍ക്ക് വെബിലാണ് വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ഏജന്‍സിയാണ് ആദ്യം ഈ ഡാറ്റാ ചോര്‍ച്ച കണ്ടെത്തിയത്. പേര്, ഫോണ്‍ നമ്പറുകള്‍, വിലാസങ്ങള്‍ എന്നിവയ്ക്കൊപ്പം, രാജ്യത്തെ പൗരന്‍മാരുടെ ആധാര്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍ അടക്കം ചോര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ പൗരന്മാരുടെ കോവിഡ്-19 പരിശോധനയുമായി ബന്ധപ്പെട്ട വിശദാംശങ്ങളില്‍ നിന്നാണ് ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചതെന്ന് ‘ത്രഡ് ആക്ടര്‍’ എന്ന ‘എക്‌സ്’ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പറയുന്നു.

‘ഡാര്‍ക്ക് വെബില്‍’ വില്‍പനക്കെത്തിയ ഡാറ്റയും ഐ.സി.എം.ആറിന്റെ പക്കലുള്ള ഡാറ്റയും ഒന്നു തന്നെയാണെന്ന് വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്തിയതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഐ.സി.എം.ആറിനെ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിവിധ ഏജന്‍സികളിലെയും മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഡാറ്റ ചോര്‍ച്ചയില്‍ വിദേശത്തുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിഷയം രാജ്യത്തെ ഒരു പ്രധാന ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എന്നാല്‍ ചോര്‍ച്ചയുടെ പ്രഭവകേന്ദ്രം എവിടെ നിന്നാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഐ.സി.എം.ആര്‍ പരാതി നല്‍കിയാല്‍ ഈ വിഷയം സിബിഐ അന്വേഷിച്ചേക്കുമെന്നും വാർത്തയുണ്ട്.

ഫെബ്രുവരി മുതല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പലതരം സൈബര്‍ ആക്രമണ ശ്രമങ്ങള്‍ നേരിടുന്നുണ്ട്. ഐ.സി.എം.ആറിനും കേന്ദ്ര ഏജന്‍സികള്‍ക്കും കൗണ്‍സിലിനും ഇത് അറിയാമെന്നുള്ള വസ്തുതയാണ്. ഐ.സി.എം.ആര്‍ സെര്‍വറുകള്‍ ഹാക്ക് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം 6,000-ത്തോളം ശ്രമങ്ങള്‍ നടന്നിരുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഡാറ്റാ ലീക്ക് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ഐ.സി.എം.ആറിനെ അറിയിച്ചിരുന്നതായും മാധ്യമ റിപ്പോർട്ടിൽ പറയുന്നു.