കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുകയും ചെയ്ത നടന്‍ വിനായകനെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കൊച്ചി ഡപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് എസ്. ശശിധരൻ പറഞ്ഞു. വിനായകനെതിരെ ചുമത്തിയിരിക്കുന്നത് മൂന്ന് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും ഒരു തരത്തിലുള്ള സ്വാധീനത്തിന് വഴങ്ങിക്കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിനായകനുമായി ബന്ധപ്പെട്ടത് അദ്ദേഹത്തിന്റെ സ്വകാര്യ പ്രശ്‌നമായതിനാല്‍ അതിലേക്ക് കടക്കുന്നില്ലെന്നും എന്നാല്‍ കുടുംബ പ്രശ്‌നങ്ങളാണെങ്കില്‍ പോലും അതില്‍ പരാതിയുണ്ടെങ്കില്‍ പൊലീസിന് ഇടപെടേണ്ടി വരുമെന്നും ഡി.സി.പി വ്യക്തമാക്കി. വിനായകനെതിരെ ഭാര്യയ്ക്ക് പരാതിയുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്നും വിനായകന്‍ മദ്യപിച്ച് കഴിഞ്ഞാല്‍ ഇങ്ങനെ ചില പ്രശ്‌നങ്ങളുണ്ടെന്നും മുമ്പും ഇത്തരത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും ഡി.സി.പി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ പരിശോധനില്‍ നിന്ന് വിനായകന്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞുവെന്നും അതിനാല്‍ തന്നെ ഒരു തരത്തിലുള്ള ബാഹ്യ സ്വാധീനത്തിന് വഴങ്ങില്ലെന്നും ഡി.സി.പി വ്യക്തമാക്കി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് ഇന്നലെ വൈകിട്ടാണ് വിനായകനെ അറസ്റ്റ് ചെയ്തത്. വിനായകനും ഭാര്യയും തമ്മില്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ വച്ചുണ്ടായ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊലീസ് തന്റെ ഭാഗം കേട്ടില്ലെന്നാരോപിച്ചാണ് നോര്‍ത്ത് സ്റ്റേഷനിലെത്തി വിനായകന്‍ പോലീസിനോട് തട്ടിക്കയറിയത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ കാഷ്വാലിറ്റി വാർഡിലും വിനായകൻ ബഹളം വച്ചുവെന്നും പോലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. വിനായകനെ നേരില്‍ കണ്ട് ആളുകള്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിനായകന്‍ ആക്രോശിക്കുകയും ചെയ്തു. നിസാര വകുപ്പുകളുടെ പശ്ചാത്തലത്തില്‍ രാത്രിയോടെ വിനായകനെ ജാമ്യത്തില്‍ വിട്ടതിനെതിരെയും വിമര്‍ശനമുയര്‍ന്നു. സ്ഥലത്തെ എം.എല്‍.എ ഉമ തോമസ് അടക്കമുള്ള നിരവധി പേരാണ് പോലീസിന്റെ ഈ നടപടിയെ ചോദ്യം ചെയ്തത്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നിലപാട് വ്യക്തമാക്കി കൊച്ചി ഡി.സി.പി രംഗത്തുവന്നത്.