ദുബായ് ഗ്ലോബല്‍ വില്ലേജ് ഉണര്‍ന്നു; ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ്

Share

ദുബായ്: ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 28-ാമത് സീസന് ഈ മാസം 18 മുതല്‍ തുടക്കമായി. സാധാരണയായി എല്ലാ വര്‍ഷവും തുറക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് പൊതുജനങ്ങള്‍ക്കായി തുറന്നത്. പ്രവേശന ടിക്കറ്റുകള്‍ നേരിട്ട് വാങ്ങുന്നതിനൊപ്പം ഗ്ലോബല്‍ വില്ലേജിന്റെ മൊബൈല്‍ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ബുക്ക് ചെയ്യാനും അവസരമുണ്ട്. മാത്രമല്ല ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.globalvillage.ae വഴിയോ ആപ്പിൾ, ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ ലഭ്യമാകുന്ന ‘global village’ എന്ന  ആപ്ലിക്കേഷൻ വഴിയോ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് 10 ശതമാനം ഇളവ് ലഭിക്കുന്നത്.

ഇത്തവണ ഗ്ലോബല്‍ വില്ലേജ് പ്രവേശനത്തിനായി രണ്ടുതരം ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വില്ലേജ് സന്ദര്‍ശിക്കുന്നതിനായുള്ള ‘വാല്യൂ’ ടിക്കറ്റുകളും ഏത് ദിവസവും പ്രവേശിക്കാന്‍ കഴിയുന്ന ‘എനി ഡേ’ (any day)  ടിക്കറ്റുകളുമാണ് ലഭിക്കുക.’വാല്യൂ’ കാറ്റഗറിയില്‍ പ്രവേശന ഗേറ്റില്‍ നേരിട്ടെത്തി ടിക്കറ്റെടുക്കുമ്പോള്‍ 25 ദിര്‍ഹവും ഓണ്‍ലൈനില്‍ ആണെങ്കില്‍ പത്ത് ശതമാനം ഇളവോടെ 22.5 ദിര്‍ഹവുമായിരിക്കും ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേ ടിക്കറ്റുകള്‍ക്ക് 20 ദിര്‍ഹവും ഓണ്‍ലൈനില്‍ 18 ദിര്‍ഹവും ആയിരുന്നു. ‘എനി ഡേ’ (any day) കാറ്റഗറിയില്‍ ഗേറ്റിലെത്തി ടിക്കറ്റെടുക്കുമ്പോള്‍ 30 ദിര്‍ഹവും ഓണ്‍ലൈനായി 27 ദിര്‍ഹവും നല്‍കണം.

അതേസമയം 65 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന നിശ്ചയദാര്‍ഢ്യക്കാര്‍, അവരെ സഹായിക്കാനായി അനുഗമിക്കുന്ന ഒരു സഹായിക്കും  പ്രവേശനം സൗജന്യമായിരിക്കും. പ്രവേശന ടിക്കറ്റുകള്‍ എടുക്കുന്നവർക്ക് എല്ലാ പവലിയനുകളിലും യഥേഷ്ടം  സന്ദർശിക്കാമെങ്കിലും ചില  കലാ-സാഹസിക പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ വില്ലേജിനുള്ളിൽ നിന്നും പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടി വരും. ഗ്ലോബല്‍ വില്ലേജിന്റെ വെബ്‌സൈറ്റ് പ്രകാരം ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകുന്നേരം 4 മുതല്‍ രാത്രി 12 മണി വരെയും വ്യാഴം മുതല്‍ ശനി വരെയും കൂടാതെ പ്രഖ്യാപിത പൊതു അവധി ദിവസങ്ങളിലും വൈകുന്നേരം 4 മണി മുതല്‍ അര്‍ദ്ധരാത്രി 1 മണി വരെയുമായിരിക്കും പ്രവേശനം. പൊതു അവധി ഒഴികെയുള്ള ചൊവ്വാഴ്ചകളില്‍ കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രമായിരിക്കും പ്രവേശനം.

ഈ വര്‍ഷം ഗ്ലോബല്‍ വില്ലേജില്‍ 27 പവലിയനുകളാണുള്ളത്. ലോകമെമ്പാടുമുള്ള 400-ഓളം കലാകാരന്മാര്‍ ഒത്തുചേരുന്ന  40,000-ത്തോളം ഷോകളും ഒപ്പം വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9 മണിക്ക് ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുമെന്ന് ഗ്ലോബല്‍ വില്ലേജ് സംഘാടക സമിതി അറിയിച്ചു. ദുബായിലെ അല്‍ റാഷിദിയ, ദേര യൂണിയന്‍, അല്‍ ഗുബൈബ, മാള്‍ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ മണിക്കൂറിലും ഗ്ലോബല്‍ വില്ലേജിലേക്ക് 10 ദിര്‍ഹംസ് യാത്രാ നിരക്കില്‍ ബസ് സര്‍വീസും ഉണ്ടാകും. 2024 ഏപ്രില്‍ 28-ന്  ഇത്തവണത്തെ ഗ്ലോബല്‍ വില്ലേജിന് സമാപനമാകും.