ആരാധകരുടെ ആവേശം അതിരുകടന്നു; ‘ലിയോ’ സംവിധായകന് പരിക്ക്

Share

കൊച്ചി: ലിയോ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് തിരക്കിനിടയിൽപ്പെട്ട് പരിക്കേറ്റു. പാലക്കാട് അരോമ തീയേറ്ററിലാണ് സംവിധായകനെ കാണാൻ ആരാധകർ ഒഴുകിയെത്തിയത്. പ്രേക്ഷകരുടെ തിക്കിലും തിരക്കിലും പെട്ട് ലോകേഷിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു. ആരാധകർ അതിരുകടന്ന് എത്തിയതോടെ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കാലിന് പരിക്കേറ്റതോടെ ലോകേഷിന്റെ മറ്റ് പരിപാടികൾ റദ്ദാക്കി മടങ്ങി. തൃശൂർ രാഗം തീയേറ്ററിലും കൊച്ചി കവിത തീയേറ്ററിലും സന്ദർശനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചെന്നും ലോകേഷ് അറിയിച്ചു.

അതേസമയം, കേരളത്തിൽ 600ൽ കൂടുതൽ സ്ക്രീനുകളിലാണ് ലിയോ പ്രദർശനത്തിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് കഷക്ഷനാണ് കേരളത്തിലെ തീയേറ്ററിൽ നിന്ന് സ്വന്തമാക്കിയത്. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിരയുണ്ട്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്.അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം.

ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷൻ അൻപറിവ് , എഡിറ്റിംഗ് ഫിലോമിൻ രാജ്, സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമിക്കുന്നത്. ശ്രീഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.