മസ്‌കറ്റ്: ‘തേജ്’ അതിതീവ്ര ചുഴലിക്കാറ്റ് യെമന്‍ കരതൊട്ട ശേഷം ഒമാനിലേക്ക് പ്രവേശിച്ചതോടെ കനത്ത മഴയും കാറ്റും തുടരുകയാണ്. കനത്ത നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുരക്ഷാസേനകളും ദുരന്തനിവാരണ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും കര്‍മനിരതരായിട്ടുണ്ട്. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ തെക്കന്‍ ഭാഗങ്ങളിലും ദോഫാറിലും മഴയും കാറ്റും ശക്തമാണ്. യെമനിലെ അല്‍ മഹ്റ ഗവര്‍ണറേറ്റിലൂടെയാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റ് കരയിലേക്ക് കടന്നത്. ‘തേജ്’ ചുഴലിക്കാറ്റിന്റെ തീവ്രത വീണ്ടും കുറഞ്ഞിട്ടുണ്ട്. കാറ്റിന്റെ വേഗത 50 മുതല്‍ 60 നോട്ടുകള്‍ വരെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്തയുടെ തെക്കന്‍ ഭാഗങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
ദോഫാര്‍ ഗവര്‍ണറേറ്റിലെ ചില ഭാഗത്തെ റോഡുകള്‍ കരിങ്കല്ലുകള്‍ ഇടിഞ്ഞുവീണ് തടസ്സപ്പെട്ടത് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഈ മേഖലയിലെ ഫീല്‍ഡ് റെസ്പോണ്‍സ് ടീമുകള്‍ പാറക്കല്ലുകള്‍ നീക്കം ചെയ്തശേഷം റോഡ് ഗതാഗതയോഗ്യമാക്കിയതായി സേവന വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ എഞ്ചിനീയര്‍ അബ്ദുല്ല ബിന്‍ മുബാറക് അല്‍ ഹാഷിമി പറഞ്ഞു. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഒട്ടുമിക്ക വിലായത്തുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. രഖ്യുത് വിലായത്തിലെ അര്‍ദിത്, ഷര്‍ഷിതി, ഷാത്ത് എന്നിവിടങ്ങളിലും ഖദ്ര്ഫി ഏരിയയിലും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിവച്ച ജലശുദ്ധീകരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചില ഗവര്‍ണറേറ്റുകളില്‍ ഭാഗികമായി മാത്രമേ വൈദ്യുതി വിതരണമുള്ളൂ.
ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ദോഫാര്‍ ഗവര്‍ണറേറ്റിലെ രഖ്യുത് വിലായത്തിലാണ്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പലയിടങ്ങളിലും 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തു. രഖ്യുട്ട് വിലായത്തില്‍ 232 മില്ലിമീറ്റര്‍ മഴയുണ്ടായി. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ കടല്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമാവധി മുന്‍കരുതലുകള്‍ എടുക്കണമെന്നും താഴ്വരകള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ യാത്രകള്‍ ഒഴിവാക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്.