കാലവര്‍ഷം ഒഴിഞ്ഞു; തുലാവര്‍ഷം ഉടനെത്തും

Share

തിരുവനന്തപുരം: കാലവര്‍ഷം പൂര്‍ണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്ക് മുകളില്‍ എത്തിച്ചേരാന്‍ സാദ്ധ്യതയുണ്ടെങ്കിലും തുടക്കം ദുര്‍ബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുകയാണ്. അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമര്‍ദമായി മാറും. ഒക്ടോബര്‍ 21-ഓടെ വീണ്ടും ശക്തി പ്രാപിച്ച് തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മദ്ധ്യ-പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാദ്ധ്യതയെന്ന് വകുപ്പ് അറിയിക്കുന്നു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിക്കുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 21-ഓടെ മദ്ധ്യ-ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനുശേഷം ഒക്ടോബര്‍ 23 ഓടെ മദ്ധ്യ- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിക്കാനിടയുണ്ട്. ഇക്കാരണങ്ങളാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും. ഇന്ന് തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്നതിനാല്‍ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി.