ദുബായ്: ജീവകാരുണ്യ മേഖലയില്‍ ലോകമാതൃകയായി മുന്നേറുന്ന യു.എ.ഇ സ്വന്തം രാജ്യത്ത് വിപ്ലവകരമായ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. രാജ്യത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2025-ഓടെ സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന അതിബൃഹത്തായ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023-24-ല്‍ തന്നെ സംരംഭത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിക്കുകയും 2024-25-ല്‍ പദ്ധതി സമ്പൂര്‍ണമായി നടപ്പിലാക്കുമെന്നും യുഎഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് അല്‍മ്ഹെയ്രി പറഞ്ഞു. പാരീസില്‍ സ്‌കൂള്‍ ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നു സംഘടിപ്പിച്ച ആഗോള മന്ത്രിമാരുടെയും നയരൂപീകരണ പ്രവര്‍ത്തകരുടെയും സമ്മേളനമായ ഗ്ലോബല്‍ സ്‌കൂള്‍ മീല്‍സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കുട്ടികള്‍ക്ക് പോഷകാഹാരത്തിനൊപ്പം ആരോഗ്യകരമായ ശാരീരിക-മാനസികാവസ്ഥ ഉറപ്പാക്കുന്ന രീതിയിലാണ് സ്‌കൂള്‍ മീല്‍സ് എന്ന സംരംഭം യുഎഇ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പോഷകാഹാരവും വിദ്യാഭ്യാസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും മന്ത്രി മറിയം മുഹമ്മദ് പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം എന്ന അപൂര്‍വ നേട്ടത്തിലേക്ക് രാജ്യം പോകുകയാണെന്നും ഒരു വിദ്യാര്‍ഥിക്ക് മികച്ച അധ്യാപകരും പഠനവും ലഭിച്ചാലും പോഷകാഹാരം ലഭിക്കുന്നില്ലെങ്കില്‍ ശരിയായ വിദ്യാഭ്യാസം നേടാന്‍ കഴിയില്ലെന്നും ഏതൊരു കുട്ടിയുടെയും ജീവിതത്തിലെ ആദ്യത്തെ 1,000 ദിവസങ്ങള്‍ വളരെ നിര്‍ണായകമാണെന്നും മന്ത്രി പ്രതികരിച്ചു.
സ്‌കൂള്‍ ഭക്ഷണത്തിനായി ചെലവഴിക്കുന്ന ഓരോ ഡോളറിനും ഒമ്പത് ഡോളര്‍ ലാഭിക്കപ്പെടുന്നുവെന്നാണ് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്നും മറിയം മുഹമ്മദ് ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക് അവരുടെ ജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ നല്ല പോഷകാഹാരം ലഭിക്കുന്നില്ലെങ്കില്‍, പിന്നീട് അവര്‍ രോഗബാധിതരാകാന്‍ സാധ്യതയുണ്ട്. അതായത് സാമ്പത്തിക മെച്ചം ഉണ്ടാക്കുന്നതില്‍ ആ വ്യക്തിയുടെ സംഭാവന നഷ്ടപ്പെടുന്നുവെന്ന് മാത്രമല്ല, ചികില്‍സയ്ക്ക് വലിയ തുക ചെലവിടേണ്ടിയും വരുന്നുവെന്നും അവര്‍ വിശദീകരിച്ചു.