ദുബായ്: ദുബായ് കരാമയിലെ ഒരു ഫ്‌ലാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ ടെമ്പിള്‍ ഗേറ്റ് സ്വദേശി നിധിന്‍ ദാസാണ് മരിച്ചത്. ജോലി അന്വേഷിച്ച് നാട്ടില്‍ നിന്നും വിസിറ്റിംഗ് വിസയില്‍ ദുബായിയില്‍ എത്തിയതാണ് നിധിന്‍ ദാസ്. അപകടത്തില്‍ മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല ബുധനാഴ്ച മരിച്ചിരുന്നു. ബര്‍ദുബായില്‍ അനാം അല്‍ മദീന ഫ്രൂട്ട്സ് കമ്പനിയിലെ ജീവനക്കാരനാണ് യാക്കൂബ് അബ്ദുല്ല. മൃതദേഹം റാശിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ ഒമ്പത് മലയാളികളില്‍ മറ്റ് രണ്ട് പേര്‍ ഇനിയും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തലശേരി സ്വദേശികളായ ഷാനില്‍, നഹീല്‍ എന്നിവരാണ് ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. റാഷിദ് ആശുപത്രിയില്‍ അഞ്ച് പേരും എന്‍എംസി ആശുപത്രിയില്‍ രണ്ടുപേരും നിലവിൽ ചികില്‍സയില്‍ കഴിയുകയാണ്. പൊട്ടിത്തെറിയിൽ പരിക്കേറ്റ ഭൂരിഭാഗം പേരും മലയാളികളാണ്.
ബുധനാഴ്ച അര്‍ധരാത്രി 12.20-ന് കരാമ ഡേ ടു ഡേ ഷോപ്പിംഗ് സെന്ററിന് സമീപമുള്ള ബിന്‍ഹൈദര്‍ ഫ്‌ലാറ്റിലാണ് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ മലയാളികളടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. മൂന്ന് ബാച്ചിലര്‍ മുറികളിലായി 17 പേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.