സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒറ്റ ദിവസത്തില്‍ പവന് 1120 രൂപയുടെ വര്‍ധന

Share

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ക്രമാതീതമായി ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 42,000-നും 43000 രൂപയ്ക്കുമിടയില്‍ വില്‍പ്പന നടന്നിരുന്ന സ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 1120 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണ വിപണിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം കൊണ്ട് സ്വര്‍ണവില ഇത്രയധികം വര്‍ധിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5540 രൂപയും പവന് 44,320 രൂപയുമാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് ഇന്നലെ 5400 രൂപയും പവന് 43,200 രൂപയുമായിരുന്നു വില. സ്വര്‍ണവില ഗ്രാമിന് ഒറ്റയടിക്ക് 140 രൂപ വര്‍ധിക്കുന്നത് ഇതാദ്യമായാണെന്ന് ജുവലറി ഉടമകളും പറയുന്നു. ഇതിന് മുന്‍പ് ഒരു തവണ ഗ്രാമിന് 150 രൂപ വരെ ഒരു ദിവസം കൂടിയിരുന്നു എന്നാല്‍ അന്ന് രണ്ട് തവണയായാണ് വില കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡിന് വില ഔണ്‍സിന് 1,932.40 ഡോളറായാണ് വര്‍ധിച്ചത്. 63 ഡോളറിന്റെ വര്‍ധനയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 3.41 ശതമാനമാണ് സ്‌പോട്ട് ഗോള്‍ഡ് വിലയിലെ വര്‍ധന. ഒക്ടോബര്‍ അഞ്ചിന് 41,920 രൂപ എന്ന നിലയില്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടത്തിയിരുന്ന സ്ഥാനത്ത് നിന്നാണ് ഒരു ദിവസം 1120 രൂപ വര്‍ധിക്കുന്ന നിലയിലേക്ക് സ്വര്‍ണവിപണി കുതിച്ചുയര്‍ന്നത്.