പലസ്തീന് ഐക്യദാര്‍ഡ്യം; കുവൈത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

Share

കുവൈത്ത് സിറ്റി: ഇസ്രായേലും- ഹമാസ് പോരാളികളും തമ്മിലുള്ള യുദ്ധം പലസ്തീന്‍ ജനജീവിതത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ ഏഴാം നാളിലും ഏറ്റുമുട്ടല്‍ ശക്തമായി തുടരുമ്പോള്‍ പലസ്തീന് ഐക്യദാര്‍ഡ്യവുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തുകയാണ്. ഇതിന്റെ ഭാഗമായി യുദ്ധക്കെടുതി അനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് ധാര്‍മിക പിന്തുണ പ്രഖ്യാപിക്കുകയും രാജ്യത്തെ എല്ലാ ആഘോഷ പരിപാടികള്‍ നിര്‍ത്തിവെക്കാനും തീരുമാനിച്ചിരിക്കുകയാണ് കുവൈറ്റ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംഗീതം, നൃത്തം, സ്‌പോര്‍ട്‌സ് അടക്കമുള്ള ആഘോഷങ്ങളോ പരിപാടികളോ നടത്തേണ്ടതില്ലെന്നാണ് കുവൈറ്റ് മന്ത്രിസഭ എടുത്തിരിക്കുന്ന തീരുമാനം. കുവൈറ്റ് മന്ത്രിസഭ ഇന്നുചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് ഈ നിര്‍ദേശം നല്‍കിയത്.

ഈ യുദ്ധത്തില്‍ കുവൈത്തിന്റെ മനസ് പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നും രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിര്‍ണായക തീരുമാനം കൈക്കൊണ്ടതെന്നും കുവൈത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. കുവൈത്ത് സര്‍ക്കാരിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ആഘോഷ പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ജനതയോട് ആവശ്യപ്പെട്ടു. കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്നും എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.

സൗദി അറേബ്യയും യു.എ.ഇ-യും ഖത്തറും അടക്കമുള്ള ജിസിസി രാജ്യങ്ങളെല്ലാം പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്. ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസമായി യുഎഇ കഴിഞ്ഞ ദിവസം 20 മില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം നൽകി. മറ്റൊരു 50 മില്യൺ ദിർഹംസിന്റെ സഹായംകൂടി യു.എ.ഇ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ പലസ്തീന് 10 ലക്ഷം ഡോളറിന്റെ അടിന്തര സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ അനുവദിച്ച രണ്ട് ലക്ഷം റിയാലിന് പുറമെയാണ് നിലവില്‍ 20 മില്യന്‍ ഡോളറിന്റെ സഹായം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.