ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍ ആറാം ദിവസവും അതിരൂക്ഷമായി തുടരുമ്പോള്‍ ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സമ്പൂര്‍ണ ഉപരോധമുനയില്‍ നില്‍ക്കുന്ന ഗസയില്‍ നിന്നും ജനങ്ങള്‍ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇസ്രായേല്‍ ഭരണകൂടം അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത് കരയുദ്ധത്തിന് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്. ഗസയുടെ വടക്കുള്ള ജനങ്ങള്‍ ഗസയുടെ തെക്ക് പ്രദേശത്തേക്ക് മാറണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേല്‍ നിലപാട് ഐക്യരാഷ്ട്രസഭയോട് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇസ്രായേലിന്റെ അന്ത്യശാസനം ഗസയിലെ 1.1 മില്യണ്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്നതാണെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നും ഐക്യരാഷ്ട്രസഭ വക്താവ് ആവശ്യപ്പെട്ടു. ഇത്രയും ജനങ്ങളെ 24 മണിക്കൂറിനുള്ളില്‍ മറ്റൊരിടത്തേക്ക് മാറ്റുക എന്നത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് ചൂണ്ടിക്കാട്ടി. ഏറ്റവും വലിയ ജനവാസ കേന്ദ്രമായ ഗാസ സിറ്റിയും ജബലിയ അഭയാര്‍ത്ഥി ക്യാമ്പും ബെയ്ത് ലാഹിയ, ബെയ്ത് ഹനൂന്‍ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാനാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോടകം 2000-ത്തിലധികം പേരുടെ ജീവനെടുത്ത വ്യോമാക്രമണത്തിന് ശേഷം കരയുദ്ധം ആരംഭിക്കുമെന്ന അഭ്യൂഹം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
അതേസമയം ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസയില്‍ 4.23 ലക്ഷത്തിലേറെ ജനങ്ങള്‍ തങ്ങളുടെ കിടപ്പാടം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിക്കുന്നത്. ഇസ്രയേലിന്റെ ഉപരോധം മൂലം ഗസയില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയുമെല്ലാം തീര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യം ഭയാനകമെന്നും ആശങ്കാജനകമെന്നും ഐക്യരാഷ്ട്രസഭയുടെ ലോക ഫുഡ് പ്രോഗ്രാമും വ്യക്തമാക്കിയിട്ടുണ്ട്. ഗസയിലെ അരലക്ഷത്തോളം വരുന്ന ഗര്‍ഭിണികള്‍ക്ക് അത്യാവശ്യ വൈദ്യസഹായമോ ശുദ്ധജലമോ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.
ഇതിനിടെ ഇസ്രയേല്‍ ഗാസയില്‍ വംശഹത്യ നടത്തുന്നുവെന്ന ആരോപണവുമായി ഹമാസ് രംഗത്ത് വന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും വികലാംഗരും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും ഇസ്രയേല്‍ കൊല ചെയ്യുന്നുവെന്ന് ഹമാസ് ആരോപിച്ചു. ആധുനിക ചരിത്രത്തില്‍ സമാനതകളില്ലാത്ത കുറ്റകൃത്യങ്ങളാണ് ഗസ നേരിടുന്നതെന്ന് ഹമാസ് വക്താവ് പറഞ്ഞു. എന്നാല്‍ ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന ഇസ്രയേലി പൗരൻമാരെയും മറ്റ് വിദേശികളെയും മോചിപ്പിക്കുന്നതുവരെ സമ്പൂർണ ഉപരോധം തുടരുമെന്നാണ് ഇസ്രായേലിന്റെ കടുത്ത നിലപാട്. എന്തുവില നൽകിയും ഹമാസിനെ ഇല്ലാതാക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേല്‍.