ടെല്‍ അവീവ്: അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേല്‍ എംബസി വ്യക്തമാക്കി. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ധനമന്ത്രി കൊല്ലപ്പെട്ടു. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. കഴിഞ്ഞ ദിവസം ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും ഇസ്രയേല്‍ തകര്‍ത്തിരുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തിന് ഉള്ളിലേക്ക് കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നു. ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേല്‍ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകര്‍ത്തിരുന്നു. ബന്ദികളായിക്കയവരുടെ കാര്യത്തില്‍ വ്യോമാക്രമണം നിര്‍ത്തിയാല്‍ അവരെ മോചിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഹമാസ് നിലപാട്. ഇത് ഇസ്രയേല്‍ തള്ളുകയും ചെയ്തു.
ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടയിലാണ് ലെബനന്‍ അതിര്‍ത്തിയിലും സ്ഥിതി മോശമാകുന്നത്. ലബനാനിലെ ഹിസ്ബുല്ല സംഘവുമായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം ഏറ്റുമുട്ടി. വെസ്റ്റ്ബാങ്കിലും ഇന്ന് സംഘര്‍ഷം ഉണ്ടായി. ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 17 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അതേസമയം വീണ്ടും കടുപ്പിച്ച ഹമാസ്, തെക്കന്‍ ഇസ്രായേലി നഗരമായ ആഷ്‌കെലോന്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ വീടുവിട്ടു പോകണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.