ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ദുബായ് പോലീസ്

Share

ദുബായ്: 2023 ജനുവരി മുതല്‍ ആഗസ്റ്റ് മാസം വരെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 35,000-ത്തിലധികം പേരെ പിടികൂടി നടപടി സ്വീകരിച്ചതായി ദുബായ് പോലീസ്.  ഡ്രൈവിംഗ് സമയം മൊബൈല്‍ ഉപയോഗിച്ചതിലൂടെ ഇക്കാലയളവില്‍ 99 അപകടങ്ങള്‍ രേഖപ്പെടുത്തുകയും ആറ് പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. 58 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ദുബായ് പോലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം ക്യാമറയില്‍ പകര്‍ത്തുന്നതിന്റെ ദൃശ്യങ്ങളും ദുബായ് പോലീസ് പുറത്തുവിട്ടു.

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഡ്രൈവിംഗ് ശ്രദ്ധ മാറുകയും റെഡ് സിഗ്നല്‍ ലംഘിക്കപ്പെടുക, ഹൈവേകളില്‍ മിനിമം സ്പീഡ് മറികടക്കുക തുടങ്ങി ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്നതോടെ ആ വാഹനത്തിലുള്ളവര്‍ക്ക് മാത്രമല്ല, നിരത്തിലെ മറ്റ് വാഹനങ്ങളിലുള്ളവരുടെയും കാല്‍നട യാത്രക്കാരുടെയുമെല്ലാം ജീവനാണ് അപകടത്തിലാവുന്നതെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി ഓര്‍മിപ്പിച്ചു.

ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. കോള്‍ ചെയ്യുക, ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കുക,  സോഷ്യല്‍ മീഡിയ ബ്രൗസ്  ചെയ്യുക എന്നിവയ്ക്ക് ഈ പിഴ ബാധകമാണ്. പ്രധാന പാതകളെല്ലാം റഡാറുകളുടെ നിരീക്ഷണത്തിലാണെന്നും വിവിധ ലംഘനങ്ങള്‍ അതിവേഗം തിരിച്ചറിയാന്‍ ഇതിലൂടെ കഴിയുമെന്നും അശ്രദ്ധമായ ഡ്രൈവിംഗ് മാത്രമല്ല, ലൈനുകള്‍ തെറ്റിക്കുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമെല്ലാം കണ്ടെത്താന്‍ സംവിധാനങ്ങളുണ്ടെന്നും പോലീസ് വ്യക്തമാക്കി.