ഇന്‍ഡിഗോ യാത്രക്ക് ചെലവേറും; നിരക്കുയരാന്‍ കാരണം ഇന്ധന വില വര്‍ധന

Share

ഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങളിലെ അന്താരാഷ്ട്ര-ആഭ്യന്തര യാത്രകള്‍ക്ക് 300 മുതല്‍ 1000 രൂപ വരെ ചെലവ് വര്‍ദ്ധിക്കും. വിമാനത്തില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ഫ്യുവലിന്റെ വില വര്‍ദ്ധനയാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ഇന്ധനവില നിരന്തരമായി വര്‍ദ്ധിക്കുകയാണെന്നും സര്‍വീസില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഗണ്യമായ ഭാഗവും ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നതായും ഇന്‍ഡിഗോ ചൂണ്ടിക്കാട്ടി. ഈയൊരു പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

500 കിലോമീറ്റര്‍ വരെയുള്ള യാത്രാ ടിക്കറ്റിന് 300 രൂപയാണ് വര്‍ദ്ധിക്കുമ്പോള്‍ 1001 മുതല്‍ 1500 കിലോമീറ്റര്‍ വരെ 550 രൂപയും 1501 മുതല്‍ 2500 കിലോമീറ്റര്‍ വരെ 800 രൂപയും 3501 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രയ്ക്ക് 1000 രൂപയുമാണ് ഇന്ധന ചാര്‍ജായി കൂടുതല്‍ ഈടാക്കുക. ഇന്‍ഡിഗോയ്ക്ക് പിന്നാലെ മറ്റ് വിമാന കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്ത വിപണിയില്‍ അറുപത് ശതമാനത്തിലധികം വിഹിതമുള്ള ഇന്‍ഡിഗോ പ്രതിദിനം 1,900-ലധികം സര്‍വീസുകളാണ് നടത്തുന്നത്. 2018-ല്‍ വിമാനക്കമ്പനികള്‍ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇന്ധന വിലയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് ക്രമേണ ഇത് ഒഴിവാക്കുകയായിരുന്നു.