ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗ് രണ്ട് ഗോളുകള്‍ നേടി. മന്‍പ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ ഗോളുകള്‍ വീതവും നേടി. തനകയാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ രഹിതസമനില ആയിരുന്നു ഫലം. പിന്നീടുള്ള ക്വാര്‍ട്ടറുകളില്‍ ഇന്ത്യയുടെ ആധിപത്യവുമായിരുന്നു ഉണ്ടായത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യയുടെ നാലാമാത്തെയും 2014-ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനുശേഷം ആദ്യത്തെയും സ്വര്‍ണ നേട്ടമാണിത്. 1966-ലെയും 1998-ലെയും ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലായിരുന്നു അതിന് മുമ്പ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ ഹോക്കി സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024-ലെ പാരീസ് ഒളിംപിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനായി. ഹോക്കി സ്വര്‍ണത്തോടെ ചൈനയിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 95 ആയി ഉയര്‍ന്നു.