തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായ ഇരകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്‍ സുരേഷ് ഗോപി നയിക്കുന്ന പദയാത്രയ്ക്ക് തുടക്കമായി. കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ നിന്ന് ആരംഭിച്ച പദയാത്ര തൃശൂരില്‍ സമാപിക്കും. കരുവന്നൂര്‍ ബാങ്കില്‍ തുടരുന്ന ഇ.ഡി നടപടികള്‍ സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ക്രൂരന്മാരുടെ ചതിക്കുഴിയില്‍ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടന്നു നീങ്ങുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കരുവന്നൂരിലെ പദയാത്ര വെറുമൊരു കനല്‍ മാത്രമാണെന്നും സമരം കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും മാവേലിക്കരയിലേക്കും വ്യാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. യാത്രയില്‍ രാഷ്ട്രീയമില്ലെന്നും തീര്‍ത്തും മനുഷ്യത്വപരമായ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ തുടക്കം കുറിച്ചിരിക്കുന്ന തീനാളമാണിത്. അല്ലാതെ, കനല്‍ത്തരിയല്ല. ആ കനല്‍ത്തരി എന്നേ ചാരം പോലുമല്ലാതായിത്തീര്‍ന്നുവെന്നും അദ്ദേഹം പരിഹസിച്ചു.’2016 നവംബറില്‍ നോട്ടുമാറ്റം നിലവില്‍ വരുന്നത്. അന്ന് തുടങ്ങിയതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ പ്രശ്നം. അക്കാലത്ത് ഇത് ഒത്തുതീര്‍ക്കുന്നതിനായി അരുണ്‍ ജെയ്റ്റ്ലിയുടെയടുത്ത് പിണറായിയും സംഘവും എത്തിയതാണ്. അന്ന് ഞാന്‍ ആ ഓഫീസിലുണ്ട്. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്. ഇത് ഇനി അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കം, സുരേഷ് ഗോപി പറഞ്ഞു.
അതേസമയം സഹകരണബാങ്കുകളില്‍ നേതാക്കളുടെയും മന്ത്രിമാരുടെ ബെനാമി പണമുണ്ടെന്ന് പദയാത്രയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. പാവപ്പെട്ടവന്റെ ചോരയിലും നീരിലുമാണ് സഹകരണ പ്രസ്ഥാനം പടുത്തുയര്‍ത്തിരിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. ഈ അഴിമതി പുറത്തുകൊണ്ടുവന്നത് പത്രക്കാരോ ഇഡിയോ ക്രൈംബ്രാഞ്ചോ അല്ല, പാവപ്പെട്ട സിപിഎം അനുഭാവികളായ സഹകാരികള്‍ ആണെന്നും ഓരോ കുറ്റവാളിയെയും കണ്ടെത്തിയത് ക്രൈംബ്രാഞ്ചാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.