ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; ലോംഗ് ജമ്പില്‍ ആന്‍സി സോജന് വെള്ളിമെഡല്‍

Share

ഹ്വാംഗ്‌ചോ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ വനിതകളുടെ ലോംഗ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി മെഡല്‍. കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആന്‍സി 6.63 മീറ്റര്‍ പിന്നിട്ടാണ് വെള്ളിമെഡല്‍ നേട്ടത്തിലെത്തിയത്. അഞ്ചാം ശ്രമത്തിലാണ് ആന്‍സിയുടെ മെഡല്‍ നേട്ടം. 6.73 മീറ്റര്‍ ചാടിയ ചൈനയുടെ സിയോങ് ഷിഖി സ്വര്‍ണം നേടി. മറ്റൊരു ഇന്ത്യന്‍ താരം ശൈലി സിംഗിന് അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 6.48 മീറ്റര്‍ ആയിരുന്നു ശൈലി സിംഗിന്റെ മികച്ച ദൂരം. ആദ്യശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാംശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ആന്‍സിയുടെ മുന്നേറ്റം. മെഡല്‍ നേട്ടത്തിലെത്തിയ 6.63 മീറ്റര്‍ ദൂരം താരത്തിന്റെ മികച്ച പ്രകടനം കൂടിയായി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 59ല്‍ എത്തി. 13 സ്വര്‍ണം, 23 വീതം വെള്ളി, വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.