കരുവന്നൂർ തട്ടിപ്പ്; കൗണ്‍സിലർ അരവിന്ദാക്ഷൻ ഇ.ഡി കസ്റ്റഡിയിൽ

Share

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി.ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. തൃശ്ശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദ്ദിച്ചുവെന്ന ആരോപണവുമായി അരവിന്ദാക്ഷന്‍ രംഗത്തെത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് ഇഡിയില്‍ നിന്ന് വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അരവിന്ദാക്ഷനെ തൃശൂരില്‍ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന എ സി മൊയ്തീന്‍ എംഎല്‍എയുടെ അടുത്ത സുഹൃത്താണ് പി ആര്‍ അരവിന്ദാക്ഷന്‍.

ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് അരവിന്ദാക്ഷന്‍ പറഞ്ഞിരുന്നു. ഇപി ജയരാജന്റെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നാണ് അരവിന്ദാക്ഷന്‍ ആരോപിച്ചത്. അന്വേഷണത്തോട് എല്ലാ വിധത്തിലും സഹകരിച്ചുവെന്നും അറിയുന്ന എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ ചോദിച്ച എല്ലാ രേഖകളും ഹാജരാക്കിയിട്ടും ഇല്ലാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാന്‍ ഇഡി ഉപദ്രവിക്കുകയാണെന്നുമാണ് അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നത്.