തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പലെത്താന്‍ വൈകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഒക്ടോബര്‍ 15-നാകും വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തുകയെന്ന് മന്ത്രി അറിയിച്ചു. ഒക്ടോബര്‍ നാലിന് കപ്പല്‍ തുറമുഖത്തെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയും പ്രായോഗിക തടസങ്ങളും കണക്കിലെടുത്താണ് മാറ്റമെന്ന് മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 31-ന് ചൈനയിലെ തീരത്തുനിന്ന് പുറപ്പെട്ട ഷെന്‍ഹുവ-15 എന്ന കപ്പല്‍ ഞായറാഴ്ച ഇന്ത്യന്‍ തീരത്ത് എത്തി. മണിക്കൂറില്‍ ഒന്‍പത് നോട്ടിക്കല്‍ മൈലാണ് നിലവില്‍ കപ്പലിന്റെ വേഗം. ഈ മാസം 29-ന് ഗുജറാത്തിലെ മുംദ്രയില്‍ എത്തിയാലും ക്രെയിനുകള്‍ ഇറക്കാന്‍ നാല് ദിവസമെടുത്തേക്കും. മടക്കയാത്രയ്ക്കും സമയമെടുക്കുമെന്നാണ് നിഗമനം. മിക്കവാറും ഒക്ടോബര്‍ 13-നോ, 14-നോ കപ്പല്‍ വിഴിഞ്ഞത്തെത്തും. എന്നാല്‍ കൃത്യതയ്ക്ക് വേണ്ടിയാണ് 15-ന് കപ്പല്‍ എത്തുമെന്ന് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് പാറക്കല്ലുകള്‍ എത്തുന്നതിലെ തടസം നീക്കാന്‍ സര്‍ക്കാര്‍ തല ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.