യുഎഇ: ഒരു രാജ്യത്തിന്റെ വികസന കാഴ്ചപ്പാട് എങ്ങനെ ആയിരിക്കണം എന്ന് ബോധ്യമാകണമെങ്കില്‍ നമ്മള്‍ യു.എ.ഇ-യെ കണ്ടുപഠിക്കണം. ഈ വികസന കാഴ്ചപ്പാടില്‍ യുവജനതയ്ക്കുള്ള പങ്ക് എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടത്തിയ ഇടപെടല്‍.’യുവജന മന്ത്രിയെ തേടുന്നു’ എന്ന തലക്കെട്ടില്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഷെയ്ഖ് മുഹമ്മദ് പങ്കുവച്ച് പോസ്റ്റാണ് ഇപ്പോഴും സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. രാജ്യതാല്‍പര്യം പരിഗണിച്ച് യുവജനങ്ങളെ പ്രതിനിധീകരിക്കുകയും പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണാനും സാധിക്കുന്ന യുവാക്കള്‍ക്കോ യുവതികള്‍ക്കോ അപേക്ഷിക്കാമെന്നാണ് പോസ്റ്റില്‍ വ്യക്തമാകുന്നത്. അപേക്ഷകള്‍ പരിഗണിച്ച് തെരഞ്ഞെടുക്കുന്നവരെ നിബന്ധനകളോടെ യുഎഇ-യുടെ യുവജന മന്ത്രിയാക്കുമെന്നാണ് വാഗ്ദാനം. അപേക്ഷകന് രാജ്യത്തെകുറിച്ച് ധാരണ ഉണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ധീരത കാണിക്കണം. മാതൃരാജ്യത്തെ സേവിക്കാന്‍ തയ്യാറുള്ളവര്‍ ആയിരിക്കണം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട നിബന്ധനകള്‍. യോഗ്യരായവര്‍ കാബിനറ്റ്കാര്യ മന്ത്രാലയത്തിന്റെ contactus@moca.gov.ae എന്ന ഇ-മെയിലിലേക്കാണ് വിശദമായ അപേക്ഷകള്‍ അയയ്‌ക്കേണ്ടത്.
അടുത്ത തലമുറയിലെ നേതാക്കളെ വളര്‍ത്തുന്നതിന് യുവജനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും അതുകാണ്ട് തന്നെ യുഎഇ ഗവണ്‍മെന്റ് യുവാക്കള്‍ക്ക് വലിയ മുന്‍ഗണനയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറയുന്നു. അടുത്ത തലമുറയിലെ നേതാക്കളെ വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തെരഞ്ഞെടുപ്പിലൂടെ യുവാക്കളില്‍ നിന്ന് ഒരാളെ രാജ്യത്തിന്റെ യുവജന മന്ത്രിയായി തെരഞ്ഞെടുക്കുന്നത്. കേവലം 22 വയസുണ്ടായിരുന്ന ഷമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്റൂയെ 2016-ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. രാജ്യത്തെ എല്ലാ സര്‍വകലാശാലകളില്‍ നിന്നും നാമനിര്‍ദേശം ചെയ്തവരില്‍ നിന്നാണ് അന്ന് യുവജനമന്ത്രിയെ യുഎഇ തെരഞ്ഞെടുത്തത്. എന്തായാലും ഷെയ്ഖ് മുഹമ്മദിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് നിലവില്‍ ലഭിക്കുന്നത്. 5000-ത്തിലധികം അപേക്ഷകളാണ് ഇതിനോടകം ലഭിച്ചുകഴിഞ്ഞത്.