ദുബായ്: ലോകത്ത് ആദ്യമായി വെള്ളത്തിനടിയിലൂടെ ഒഴുകുന്ന പള്ളി നിര്‍മിക്കാന്‍ ദുബായ് ഒരുങ്ങുന്നു. 125 കോടിയോളം രൂപ അതായത് 5.5 കോടി ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടു. മൂന്ന് നിലകളിലായാണ് പള്ളിയുടെ നിര്‍മാണം. വിശ്വാസികള്‍ക്ക് വെള്ളത്തിനടിയില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുമ്പോള്‍ സവിശേഷമായ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളത്തിനടിയിലുള്ള ഏറ്റവും താഴത്തെ നിലയിലായിരിക്കും പള്ളി. സിറ്റൗട്ടും ഒരു കോഫി ഷോപ്പും ഉള്ള ഘടനയുടെ പകുതി ഭാഗം വെള്ളത്തിന് മുകളിലായിരിക്കും. ഇതിന്റെ പ്ലാനും കണ്‍സെപ്റ്റ് ഇമേജുകളും ഐഎസിഎഡി മാധ്യമങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. ഈ വെള്ളത്തിനടിയിലെ ഡെക്കില്‍ നിസ്‌കാരത്തിന് മുമ്പായി അംഗശുദ്ധി വരുത്താനുള്ള സൗകര്യങ്ങളും ശുചിമുറികളും ഉണ്ടായിരിക്കും. മതപരമായ ടൂറിസം പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളതെന്നും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഐഎസിഎഡി പ്രതിനിധി അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു. മസ്ജിദ് എവിടെയാണ് നിര്‍മിക്കുന്നതെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദുബായ് കടല്‍തീരത്തോട് വളരെ അടുത്തായിരിക്കുമെന്നും വിശ്വാസികള്‍ക്ക് കരയുമായി ബന്ധിപ്പിച്ചിരിക്കുന്ന പാലത്തിലൂടെ പ്രവേശിക്കാന്‍ സൗകര്യമുണ്ടാവുമെന്നും അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു.