സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വിസ് നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്

Share

മസ്ക്കറ്റ്: ഒമാന്‍ വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വിസ് ഒക്ടോബര്‍ മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. വിമാന സര്‍വീസുകള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് തങ്ങള്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സര്‍കുലര്‍ വിമാന കമ്പനി പുറത്തിറക്കി. വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ്ങ് ചെയ്യാനുള്ള സൗകര്യവും നീക്കിയിട്ടുണ്ട്. വിമാന കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആണ് ഇക്കാര്യം വ്യക്തമാക്കി. ഈ സമയത്ത് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും പണം തിരികെ ലഭിക്കും. റീ ഫണ്ടിനെ കുറിച്ച് സംശയം ഉണ്ടെങ്കില്‍ ബന്ധപ്പെടമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എത്രകാലത്തേക്കാണ് സര്‍വീസ് നിര്‍ത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണം ലഭിച്ചിട്ടില്ല.

കുറഞ്ഞ നിരക്കില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു എയര്‍ലൈന്‍ ആയിരുന്നു സലാം എയര്‍. സലാം എയറിന്റെ പിന്‍മാറ്റം സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ്. തിരുവനന്തപുരം, കോഴിക്കോട്, ലഖ്‌നൗ, ജയ്പൂര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സലാം എയര്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സലാലയില്‍ നിന്നാണ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നത്. സലാല മലയാളികളായ പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലം ആണ്. അടുത്തമാസം ഒന്ന് മുതല്‍ മസ്‌കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനം ആരംഭിക്കാനുള്ള പദ്ധതി തുടങ്ങിയിട്ടുണ്ട്.