മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പകല്‍ സമയം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. എട്ടു മാസത്തിനു ശേഷമാണ് പകല്‍ നിയന്ത്രണം നീക്കിയത്. റണ്‍വേ റീ കാര്‍പെറ്റിങ് പ്രവൃത്തികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഒക്ടോബറില്‍ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാകും പകല്‍ പൂര്‍ണതോതില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക. ജനുവരിയിലാണ് പകല്‍ 10 മുതല്‍ വൈകീട്ട് ആറുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, റണ്‍വേയിലെ നിയന്ത്രണം നീക്കിയതിനാല്‍ വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചുവിടുന്നതുമായ വിമാനങ്ങള്‍ക്ക് പകല്‍ ഇറങ്ങാന്‍ തടസ്സമുണ്ടാകില്ല.