വിഴിഞ്ഞം തുറമുഖത്തിന് പുതിയ പേര്; സ്ഥലം ജനപ്രതിനിധികളെ ക്ഷണിക്കാതെ പേരിടല്‍ ചടങ്ങ്

Share

തിരുവനന്തപുരം: കോവളം എം.എല്‍.എ, തിരുവനന്തപുരം എം.പി എന്നിവരെ ഒവിവാക്കി അതേ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും, ലോഗോയും പ്രകാശനം ചെയ്തു. മുഖ്യമന്തി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി.രാജീവ്, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ബന്ധപ്പെട്ട ഉന്നതതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നാമകരണവും ലോഗോ പ്രകാശനവും. അതേസമയം സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോവളം എം.എല്‍.എ എം.വിന്‍സെന്റ് രംഗത്തെത്തി. തുറമുഖത്തിന്റെ നാമകരണ ചടങ്ങിലേയ്ക്ക് സ്ഥലം എംഎല്‍എ, എം.പി എന്നിവരെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് എം. വിന്‍സെന്റ് കുറ്റപ്പെടുത്തി. മാത്രമല്ല വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരാണ് നല്‍കേണ്ടതെന്നും വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും ഉമ്മന്‍ ചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് തുറമുഖം യാഥാര്‍ത്ഥ്യമായതെന്നും എം.വിന്‍സെന്റ് പറഞ്ഞു. തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന സബ്മിഷന് സഭയില്‍ ഉന്നയിക്കാനുള്ള അനുമതി നിഷേധിച്ചതായും എംഎല്‍എ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് തുറമുഖമെന്നും 2019 ഡിസംബറില്‍ പൂര്‍ത്തികരിക്കേണ്ടിയിരുന്ന പദ്ധതിയില്‍ കാലതാമസമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം എന്ന പേരിലായിരിക്കും ഇനിമുതല്‍ തുറമുഖം അറിയപ്പെടുക. 2023 ഒക്ടോബര്‍ നാലിന് ആദ്യ ചരക്ക് കപ്പല്‍ പുതിയ തുറമുഖത്തെത്തുമെന്ന് നാമകരണ ചടങ്ങില്‍ പുതിയ ലോഗോ പ്രകാശിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു. ചൈനയിലെ ഷാങ്ഹായ് തുറമുഖത്തു നിന്നാണ് അത്യാധുനിക ക്രെയിനുകളുമായി ആദ്യകപ്പല്‍ എത്തുന്നത്. ഒക്ടോബര്‍ 28-നായിരിക്കും രണ്ടാമത്തെ കപ്പല്‍ എത്തുന്നത്. തുടര്‍ന്ന് 2023 നവംബര്‍ 11, 14 തീയതികളിലും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടില്‍ ചരക്ക് കപ്പലുകള്‍ എത്തിച്ചേരും. തുറമുഖത്തില്‍ പുലിമുട്ടിന്റെ 75 ശതമാനത്തോളം ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞതായും ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയതായും അദാനി ഗ്രൂപ്പ് അറിയിച്ചു.