ദുബായ്: യുഎഇ-യുടെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ഈ മാസം (2023 സെപ്റ്റംബര്‍) 30-ന് അവസാനിക്കുകയാണ്. കേവലം 10 ദിവസങ്ങൾ മാത്രമാണ് പദ്ധതിയിൽ ചേരാൻ ഇനി അവശേഷിക്കുന്നത്. അതായത് 2023 ഒക്ടോബര്‍ 1-നു മുമ്പായ് ജീവനക്കാര്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് സ്‌കീമില്‍ നിര്‍ബന്ധമായും ചേരണമെന്നാണ് യു.എ.ഇ മാനവ വിഭവശേഷി & എമിററൈസേഷൻ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
1. എന്താണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് അഥവ Employment Loss Insurance Scheme?
യു.എ.ഇ പൗരനോ വിദേശിയോ ആയ ജീവനക്കാരന് സ്വാഭാവികമായി ജോലി നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് അതുവരെ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം സാമ്പത്തിക സഹായമായി മൂന്ന് മാസം വരെ ലഭിക്കുന്നതാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി. എന്നാല്‍ ജീവനക്കാരന്‍ ജോലിയില്‍ നിന്ന് സ്വയം രാജിവെയ്ക്കുന്ന സാഹചര്യം, അച്ചടക്ക കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന സാഹചര്യം, ജീവനക്കാരനെതിരെ ഒളിച്ചോട്ട പരാതി എന്നിവ ഉണ്ടാകരുത് എന്നതാണ് പ്രധാന വ്യവസ്ഥകള്‍.
2. എന്താണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് ലഭിക്കാനുള്ള നിബന്ധന?
കുറഞ്ഞത് 12 മാസമെങ്കിലും തുടര്‍ച്ചയായി സ്‌കീമില്‍ വരിക്കാരായിട്ടുണ്ടെങ്കില്‍ മാത്രമേ ജീവനക്കാര്‍ക്ക് ഈ നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. അതായത് 2023 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയില്‍ ഒരാള്‍ ചേര്‍ന്നാല്‍ 2023 ഡിസംബറിന് ശേഷം ജോലി നഷ്ടപ്പെടുകയാണെങ്കില്‍ മാത്രമേ ഇൻഷുറൻസിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ.
3. ആരൊക്കെയാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുക്കേണ്ടത്?
സ്വകാര്യ മേഖലയിലും അതുപോലെ ഫെഡറല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഫ്രീ സോണുകളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ ഈ സ്‌കീമില്‍ ചേരണമെന്നാണ് നിബന്ധന. അതേസമയം കമ്പനി ഉടമകള്‍, ഗാര്‍ഹിക ജോലിക്കാര്‍, കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ളവര്‍, പുതുതായി ജോലിയില്‍ ചേര്‍ന്നവര്‍, പെന്‍ഷന്‍ പറ്റിയവര്‍, താമസ വിസ റദ്ദാക്കി നാട്ടിലേക്ക് പോകുന്നവര്‍, കുടുംബ വിസയിൽ രാജ്യത്ത് താമസിക്കുന്നവർ എന്നിവര്‍ക്ക് ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.
4. ഈ പദ്ധതിയില്‍ ചേരാന്‍ എത്രയാണ് ചെലവ് വരുന്നത്?
അതായത് 16,000 ദിര്‍ഹമോ അതില്‍ താഴെയോ ശമ്പളമുള്ളവര്‍ക്ക് പ്രതിമാസം 5 ദിര്‍ഹംസ് മാത്രമായിരിക്കും പ്രീമിയം തുക. അവര്‍ക്ക് 10,000 ദിര്‍ഹംസ് വരെ പ്രതിമാസം ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ ശമ്പളം 16,000 ദിര്‍ഹത്തിന് മുകളിലാണെങ്കില്‍ പ്രതിമാസം 10 ദിര്‍ഹം ആയിരിക്കും പ്രീമിയം തുക അടയ്‌ക്കേണ്ടത്. ഇവര്‍ക്ക് 20,000 ദിര്‍ഹംസ് വരെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും. ഒപ്പം വാറ്റും ബാധകമായിരിക്കും. ശ്രദ്ധിക്കുക, എത്രയാണോ അടിസ്ഥാന ശമ്പളം അതിന്റെ 60 ശതമാനം മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ.
5. തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ എന്താണ് നടപടി?
ഒരു ജീവനക്കാരന്‍ 2023 ഒക്ടോബര്‍ 1-ന് മുമ്പ് ഈ സ്‌കീമില്‍ ചേര്‍ന്നില്ലെങ്കില്‍ 400 ദിര്‍ഹമായിരിക്കും പിഴ. പദ്ധതിയില്‍ ചേര്‍ന്ന് നിശ്ചിത തീയതി മുതല്‍ മൂന്ന് മാസത്തിലധികം പ്രീമിയം അടയ്ക്കാതിരുന്നാല്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് റദ്ദാകും. അപ്പോഴും 200 ദിര്‍ഹം പിഴ ഈടാക്കും. ജീവനക്കാര്‍ യഥാസമയം പിഴ അടച്ചില്ലെങ്കില്‍ അവരുടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്നോ പിഴതുക പിടിച്ചെടുക്കും. മാത്രമല്ല ഈ പിഴ നല്‍കുന്നതുവരെ ജീവനക്കാരന് പുതിയൊരു ജോലിയില്‍ പ്രവേശിക്കാനും കഴിയില്ല.
6. എങ്ങനെയാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരേണ്ടത് ?
ജീവനക്കാരെ തൊഴില്‍ സുരക്ഷാ പദ്ധതിയിയില്‍ ചേര്‍ക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമല്ല. ജീവനക്കാര്‍ സ്വമേധയ വേണം ഈ സ്‌കീമില്‍ ചേരാന്‍. എന്നാല്‍ ജീവനക്കാര്‍ പദ്ധതിയില്‍ ചേരാത്ത സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. companyreg@iloe.ae വെബ്‌സൈറ്റില്‍ കമ്പനിയുടെ ട്രേഡ് ലൈസന്‍സിനൊപ്പമാണ് അപേക്ഷിക്കേണ്ടത്. എന്നാല്‍ ജീവനക്കാര്‍ Involuntary Loss of Employment (www.iloe.ae) എന്ന വെബ്‌സൈറ്റ്, iloe ആപ്പ് എന്നിവയിലൂടെയോ ബിസിനസ് സര്‍വീസ് കേന്ദ്രങ്ങള്‍, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, വിവിധ ബാങ്ക് ആപ്പുകള്‍ കൂടാതെ കോളിംഗ് ആപ്പായ ‘ബോട്ടിം’ എന്നിവയിലൂടെയും പദ്ധതിയില്‍ ചേരാം. ഇന്‍ഷുറന്‍സ് പ്രീമിയം മാസത്തിലോ മൂന്നു മാസത്തിലോ ആറ് മാസത്തിലോ വര്‍ഷത്തിലോ ഒരുമിച്ച് അടയ്ക്കാന്‍ സൗകര്യമുണ്ട്.