ഷാര്‍ജയില്‍ നബിദിന അവധി സെപ്റ്റംബര്‍ 28-ന്; തുടര്‍ച്ചയായി ലഭിക്കുന്നത് നാല് ദിവസത്തെ അവധി

Share

ഷാര്‍ജ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ 28 വ്യാഴാഴ്ചയായിരിക്കും പൊതു അവധി. ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുകയെന്ന് ഷാര്‍ജ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ലഭ്യമായി വരുന്ന വെള്ളി മുതല്‍ ഞായര്‍ വരെയുള്ള 3 ദിവസത്തെ വാരാന്ത്യ അവധിക്ക് പുറമേ വ്യാഴാഴ്ച കൂടി അവധി ലഭിക്കുമ്പോള്‍ തുടര്‍ച്ചയായി നാല് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഒക്ടോബര്‍ 2 തിങ്കളാഴ്ച ആയിരിക്കും അടുത്ത പ്രവൃത്തി ദിനം. യുഎഇ-യിലെ മറ്റ് എമിറേറ്റുകളില്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും സെപ്റ്റംബര്‍ 29 വെള്ളിയാഴ്ചാണ് പൊതു അവധി. എന്നാല്‍ തുടര്‍ന്നു വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ സാധാരണയുള്ള പൊതു അവധി ആയതിനാല്‍ നബി ദിനവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും. യു.എ.ഇ-യില്‍ ഈ വര്‍ഷം ലഭിക്കുന്ന നീണ്ട വാരാന്ത്യ അവധിയാണ് നബി ദിനവുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ 2 പൊതു അവധി ദിനമാണെങ്കിലും അന്നേ ദിവസം ശനിയാഴ്ച ആയതിനാല്‍ തൊട്ടടുത്ത ദിവസമായ ഞായറാഴ്ച അവധിയും ചേര്‍ത്ത് ആകെ രണ്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.