മാതൃകാ വിദ്യാലയം; വിദ്യാര്‍ത്ഥികള്‍ക്ക് കരുതലുമായി കണ്ണശ മിഷന്റെ ‘കരുതല്‍’

Share

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒരു സ്‌കൂള്‍. തിരുവനന്തപുരം ജില്ലയിലെ പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ‘കരുതല്‍’ എന്ന പേരിൽ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.  ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയുമാണ് ഇന്‍ഷുര്‍ പരിരക്ഷയിൽ ചേർത്തിരിക്കുന്നത്. ഐ.സി.ഐ.സി.ഐ ലംബാര്‍ഡ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ്  നല്‍കുന്നത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം കഴിഞ്ഞ ദിവസം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി റാം കൃഷ്ണ കെ.എസിന് സ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ  ഒരുലക്ഷം രൂപ  കൈമാറി.  റാം കൃഷ്ണയുടെ പിതാവ് ഒരു വർഷത്തിനു മുമ്പ് നടന്ന റോഡപകടത്തിൽ മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് റാം കൃഷ്ണയുടെ സാന്നിധ്യത്തിൽ മാതാവ് സുജന വി.എസ് നായര്‍ സ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശയിൽ നിന്ന് ഒരുലക്ഷം രൂപയുടെ  ഇൻഷുറൻസ് തുക ഏറ്റുവാങ്ങിയത്.

2022-ലാണ് കണ്ണശ മിഷന്‍ സ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ തന്റെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ആശയം നടപ്പിലാക്കിയത്. ആകസ്മികമായി മാതാപിതാക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും കുട്ടികളുടെ പഠനം മുടങ്ങരുതെന്ന കാഴ്ച്ചപ്പാടോടെയാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും ചികിത്സാ ചെലവ് ഉള്‍പ്പെടെയുള്ള പാക്കേജാണ്  കണ്ണശ സ്കൂൾ മാനേജ്‌മെന്റ്‌ നടപ്പാക്കിയത്. ഇതിന് ചെലവാകുന്ന പണം സ്‌കൂള്‍ മാനേജ്‌മെന്റാണ് നല്‍കുന്നത്. 2022-ല്‍ സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനിലാണ് പദ്ധതി ഉദ്ഘാടനം ചെയ്ത് നടപ്പാക്കിയത്.

സ്‌കൂളിലെ 1700 വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ഉള്‍ക്കൊള്ളിച്ച് തികച്ചും സൗജന്യമായി ആവിഷ്‌ക്കരിച്ച ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ‘കരുതല്‍.’ ഒരു പക്ഷെ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ കുട്ടിക്കും എല്ലാ സ്വകാര്യ ആശുപത്രികളിലും 25,000 രൂപയുടെ അപകട ക്യാഷ് ലെസ്സ് ചികിത്സ സഹായവും, ഗുരുതര അപകടഘട്ടത്തില്‍ രക്ഷിതാവിനും കുട്ടിക്കും ഒരു ലക്ഷം രൂപയുടെ ധനസഹായവും നല്‍കുന്ന രീതിയിലാണ് ഐ.സി.ഐ.സി.ഐ ലംബാര്‍ഡുമായി ചേര്‍ന്ന് കണ്ണശ സ്‌കൂള്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒതുങ്ങുന്നതല്ല കണ്ണശയുടെ കരുതല്‍. സ്‌കൂളിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന നന്മ പെന്‍ഷന്‍ പദ്ധതിയും ഈ സ്‌കൂള്‍ നടപ്പാക്കുന്നുണ്ട്.