ലഹരിപ്പൊതികള്‍ കടലില്‍ ഒഴുകിനടക്കുന്നു; നൂറു കോടിയുടെ മയക്കുമരുന്ന് നശിപ്പിച്ചു

Share

കവറത്തി: കേരളത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നു എന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ തന്നെ ലഹരി വ്യാപനം തടയുന്നതിനുള്ള തീവ്രശ്രമത്തിലാണ് ബന്ധപ്പെട്ട വകുപ്പുകള്‍. ഈ സാഹചര്യത്തില്‍ വ്യാപകമായ പരിശോധനയാണ് നഗരങ്ങളിലും തീരദേശ മേഖലയിലുമടക്കം അധികൃതര്‍ പരിശോധന നടത്തുന്നത്. ഇങ്ങനെ കസ്റ്റംസ് പ്രിവന്റീവും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ലഹരി വിപണിയില്‍ ഏകദേശം 100 കോടിയോളം വിലവരുന്ന മയക്കുമരുന്ന് കണ്ടെത്തി നശിപ്പിച്ചു. ആന്‍ഡമാന്‍ തീരത്ത് ജാപ്പനീസ് ബങ്കറില്‍ സൂക്ഷിച്ചിരുന്ന 50 കിലോ മെത്താം ഫെറ്റാമിന്‍ എന്ന മയക്കുമരുന്നാണ് പ്രദേശ വാസികളുടെ സഹായത്തോടെ അധികൃതര്‍ നശിപ്പിച്ചത്. ഈ മയക്കു മരുന്ന് നാല് വര്‍ഷം മുന്‍പ് മ്യാന്‍മര്‍ ലഹരി മാഫിയ സംഘം കടലില്‍ മുക്കിയ കപ്പലിലെ 4000 കിലോ ലഹരിമരുന്നിന്റെ അവശേഷിപ്പുകളാകാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. 2019-ല്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് മ്യാന്‍മറില്‍ നിന്നുള്ള ലഹരി സംഘം മയക്ക് മരുന്ന് സഹിതം കപ്പല്‍ കടലില്‍ മുക്കിയത്. എങ്കിലും വായുകടക്കാത്ത കവറില്‍ പായ്ക്ക് ചെയ്ത ലഹരി മരുന്ന് വെള്ളം കയറി നശിക്കാതെ കാലക്രമേണ തീരത്ത് അടിയുകയുകയായിരുന്നു. ഇങ്ങനെ തീരത്തെത്തിയ മയക്കു മരുന്നാണ് ആവശ്യാനുസരണം ലഹരി മാഫിയകളുടെ സഹായത്തോടെ കേരളത്തിലേക്ക് എത്തുന്നത്.

കഴിഞ്ഞ ജൂണില്‍ 500 ഗ്രാം മെത്താം ഫെറ്റമീനുമായി മൂന്ന് മലയാളികളെ മഞ്ചേരിയില്‍ പിടികൂടിയിരുന്നു. അപ്പോഴാണ് ഈ മാരക മയക്കുമരുന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നാണ് കേരളത്തില്‍ എത്തുന്നതെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായത്. തുടര്‍ന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവും കസ്റ്റംസും സംയുക്ത ഓപ്പറേഷന് തീരുമാനിക്കുകയും കേരളത്തില്‍ പിടിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്‍ഡമാനിലെത്തി ആദിവാസി വിഭാഗത്തിലുള്ള യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അങ്ങനെയാണ് ആന്‍ഡമാനിലെ മലാക്കയില്‍ കടലോരത്ത് ജപ്പാന്‍ സൈന്യം നേരത്തെ ഉപേക്ഷിച്ച ബങ്കറില്‍ ഇയാള്‍ സൂക്ഷിച്ച 50 കിലോ മെത്താം ഫെറ്റമീന്‍ സംയുക്ത സംഘം കണ്ടെത്തിയത്. 2 കിലോ അടങ്ങുന്ന 25 പാക്കറ്റുകളിലായിരുന്നു ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. ബങ്കറില്‍ വെള്ളം കയറിയതിനാല്‍ ഇത് പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്ഥലത്ത് വച്ചുതന്നെ അത് നശിപ്പിച്ചു. അതേസമയം അധികൃതര്‍ നടത്തിയ ബോധവല്‍ക്കരണത്തിലൂടെ 2 കിലോയോളം മയക്ക് മരുന്ന് പ്രദേശവാസികള്‍ ജില്ലാ ഭരണകൂടത്തെ തിരിച്ചേല്‍പ്പിച്ചു. പ്രദേശവാസികളുടെ കൈയ്യില്‍ വ്യാപകമായി മയക്ക് മരുന്ന് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ പരിശോധനയും ബോധവല്‍ക്കരണവും നടത്തി മയക്കുമരുന്നു റെയിഡുകള്‍ സജീവമാക്കാനാണ് അധികൃതരുടെ തീരുമാനം.